കോഴിക്കോട്: സംവിധായകന്‍ കെ.ജി. ജോര്‍ജിന്റെ വിയോഗം സംബന്ധിച്ച ചോദ്യത്തോടുള്ള കെപിസിസി പ്രസിജന്റ് കെ. സുധാകരന്റെ പ്രതികരണം ചർച്ചയാക്കി സോഷ്യൽ മീഡിയ. കെ. ജി. ജോര്‍ജിന്റെ മരണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ചോദിച്ചപ്പോൾ ആളുമാറിപ്പോയതാണ് ട്രോളുകൾക്ക് ഇടയാിക്കിയത്. ‘നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയനേതാവുമായിരുന്നു അദ്ദേഹം’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സുധാകരന്റെ പ്രതികരണം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘അദ്ദേഹത്തേക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു, നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖമുണ്ട്’, എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
അബദ്ധം തിരിച്ചറിഞ്ഞതോടെ കെ.ജി. ജോര്‍ജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സുധാകരന്റെ പേരില്‍ പത്രക്കുറിപ്പ് എത്തി. മലയാള സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെ.ജി. ജോര്‍ജ് എന്ന് പത്രക്കുറിപ്പില്‍ പറയുന്നു. പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരപ്പിച്ചു.
വാണിജ്യ സാധ്യതകള്‍ക്കൊപ്പം കലാമൂല്യമുള്ള ഒരു പിടി മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചുകൊണ്ട് മലയാള സിനിമയുടെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം ഉറപ്പിച്ച അതുല്യനായ കലാകാരനാണ് കെ. ജി. ജോര്‍ജ്. ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ട് ചിരപരിചിതമായ വഴികളില്‍ നിന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വേറിട്ടു നിന്നു.കെ.ജി. ജോര്‍ജിന്റെ വിയോഗം മലയാള സിനിമ മേഖലയ്ക്ക് കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയുടെ മരണത്തേത്തുടര്‍ന്ന് അന്ന് കായികമന്ത്രിയായിരുന്ന ഇ.പി. ജയരാജന്‍ നടത്തിയ പ്രതികരണത്തെ ഓര്‍മിപ്പിച്ചുകൊണ്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ പലതും. കേരളത്തിലെ കായിക രംഗത്തെ പ്രതിഭയായിരുന്നു മുഹമ്മദലിയെന്നും ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോക രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്നും അന്ന് ജയരാജന്‍ പ്രതികരിച്ചിരുന്നു. ഇത് പിന്നീട് വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.