തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയില്‍ പ്രവര്‍ത്തകരോട് നീരസം പ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സമ്മേളനം ആരംഭിച്ച് രണ്ട് പേര്‍ പ്രസംഗിച്ച് കഴിയുമ്പോള്‍ പ്രവര്‍ത്തകര്‍ വേദിയില്‍ നിന്ന് മടങ്ങി പോകുന്നതിലാണ് സുധാകരന് നീരസമുണ്ടായത്.
ലക്ഷങ്ങള്‍ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അതില്‍ പ്രസംഗിക്കുന്ന നേതാക്കളെ മുഴുവന്‍ കേള്‍ക്കാന്‍ താത്പര്യമില്ലെങ്കില്‍ പരിപാടി സംഘടിപ്പിക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. പരിപാടി തുടങ്ങിയപ്പോള്‍ നിറഞ്ഞിരുന്ന വേദിയില്‍ പെട്ടെന്ന് കാലി കസേരകളുണ്ടായതെങ്ങനെയെന്നും സുധാകരന്‍ ചോദിച്ചു.
അതേസമയം കെപിസിസി അദ്ധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നു. പ്രവര്‍ത്തകര്‍ കനത്ത ചൂടിനെപ്പോലും അവഗണിച്ച് മൂന്ന് മണി മുതല്‍ സമ്മേളനം നടക്കുന്ന വേദിയില്‍ എത്തിയതാണെന്നാണ് സതീശന്‍ പറഞ്ഞത്.
രണ്ട് നേതാക്കള്‍ പ്രസംഗിച്ച് കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതില്‍ പ്രസിഡന്റിന് നീരസം വേണ്ടെന്നും സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം, കേരളത്തില്‍ രണ്ടക്ക സീറ്റെന്ന പ്രധാനമന്ത്രിയുടെ മോഹം അങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
പത്ത് വര്‍ഷമായി മോദി രാജ്യം ഭരിക്കുന്നു. ഉത്തരേന്ത്യയില്‍ നേടിയത് പോലെയുള്ള ഒന്നും കേരളത്തില്‍ നിന്ന് ബിജെപിക്ക് ലഭിച്ചിട്ടില്ല. ഇനി ഒട്ട് ലഭിക്കില്ലെന്നും അങ്ങനെയൊരു സ്വപ്‌നമുണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് മികച്ച ജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.