കൊച്ചി: എ.കെ.ജി. സെന്റർ ആക്രമണത്തിൻറെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത നടപടി കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. സി.പി.എം. തീകൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസ് ലഹരി കലർന്ന ചോക്ലേറ്റ് നൽകിയെന്ന് കെ. സുധാകരൻ ആരോപിച്ചു. പിന്നീട് പ്രവർത്തകനെ ലഹരിചികിത്സാ കേന്ദ്രത്തിൽ ആക്കേണ്ടിവന്നു. നിലവിൽ എ.കെ.ജി. സെന്റർ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജിതിനും അത്തരത്തിൽ ചോക്ലേറ്റ് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസിൽ തുടങ്ങിയ ചോദ്യംചെയ്യലിനൊടുവിൽ പതിനൊന്നരയോടു കൂടിയായിരുന്നു ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഐ.പി.സി. 436 സെക്ഷൻ 3 എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ എവിടെ നിന്നാണ് എ.കെ.ജി. സെന്റർ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തു വാങ്ങിയത് എന്ന് ഇപ്പോഴും ക്രൈംബ്രാഞ്ചിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടില്ല.