24.7 C
Kottayam
Sunday, May 19, 2024

ഏ.കെ.ജി സെന്റര്‍ ആക്രമണം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്ന് ക്രൈംബ്രാഞ്ച്, ജിതിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

Must read

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട്  ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്‍തിട്ടില്ലെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 

എകെജി സെന്‍ററിന് നേരെ ആക്രമണം നടന്ന് രണ്ടര മാസത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ശാത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമനുസരിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഡിയോ സ്കൂട്ടറിലെത്തി സ്ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അവിടെ നിന്ന് പ്രതി കെഎസ്ഇബിയുടെ ബോർഡ് വെച്ച കാറിലേക്ക് മാറി.

കെഎസ്ഇബിക്ക് കരാർ കൊടുത്ത ഈ കാർ ജിതിന്‍റേതാണ്. ജിതിൻ കാറിലേക്ക് യാത്ര മാറ്റുമ്പോൾ ഡിയോ സ്കൂട്ടർ ഓടിച്ചുപോകുന്നത് ജിതിൻറെ സുഹൃത്തായ വനിതയാണ്. ഇവരാണ് സ്കൂട്ടർ എത്തിച്ചതെന്നതിന്‍റെ ദൃശ്യങ്ങളുണ്ട്. സംഭവ ദിവസം ജിതിൻ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടെന്ന് മൊബൈൽ ടവർ പരിശോധനയിലും തെളിഞ്ഞു. ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോർമാറ്റ് ചെയ്താണ് ജിതിൻ ഹാജരാക്കിയത്.

സ്ഫോടക വസ്തുവെറിഞ്ഞ ദിവസം ഉപയോഗിച്ചിരുന്ന മൊബൈൽ അഞ്ച് ദിവസത്തിന് ശേഷം വിറ്റു. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത നിറത്തിലുള്ള ബ്രാൻ്ഡഡ് ടീഷർട്ടും, ഷൂവുമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ടീ ഷർട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ തിരുവനന്തപുരം ജില്ലയിൽ ഇതേ ടീ ഷർട്ട് വാങ്ങിയ 14 പേരിൽ ഒരാള്‍ ജിതിനാണെന്ന് തെളിഞ്ഞു. ഇതേ ടീ ഷർട്ടും ഷൂവും ധരിച്ചുള്ള പടം ജിതിൻെറ ഫോണിൽ നിന്നും ഫൊറൻസിക് സംഘം കണ്ടെത്തി.

വനിതാ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യും. സ്ഫോടക വസ്തു എറിയാൻ ഉപയോഗിച്ച ഗ്രേ കളറിലെ ഡിയോ സ്കൂട്ടർ എവിടെ, അക്രമത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോ, സ്ഫോടകവസ്തു എവിടുന്ന് കിട്ടി തുടങ്ങി ഇനിയും  ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week