KeralaNews

ജോജുവെന്ന ഗുണ്ടയ്ക്കെതിരേ നടപടിവേണം; കടുത്ത ഭാഷയില്‍ കെ. സുധാകരന്‍

തിരുവനന്തപുരം: നടന്‍ ജോജു ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ജോജുവെന്ന ക്രിമിനലിനെതിരേ പോലീസ് നടപടിയെടുക്കണം. മദ്യപിച്ചെത്തി ഒരു ഗുണ്ടയെ പോലെയാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പെരുമാറിയത്. അസഭ്യം പറഞ്ഞതിലും മോശമായി പെരുമാറിയതിലും ജോജുവിനെതിരേ വനിതാ പ്രവര്‍ത്തകര്‍ക്കും പരാതിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ജോജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി ഖേദകരമാണ്. സമരക്കാര്‍ക്ക് നേരെ അദ്ദേഹം രോഷാകുലനായതിനാലാണ് പ്രവര്‍ത്തകര്‍ വാഹനം അടിച്ചു തകര്‍ത്തത്. ഇത്തരം സംഭവങ്ങളില്‍ ജനരോഷം സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്.

മുന്‍കൂര്‍ അനുമതിയോടെയാണ് സമരം നടത്തിയത്. ജനങ്ങളുടെ വിഷമങ്ങളാണ് സമരത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ധനവില വര്‍ധനവിനെതിരേ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഉയരുമ്പോള്‍ ഞങ്ങള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ വാഹനങ്ങള്‍ കുരുങ്ങിയതോടെയാണ് ജോജു പുറത്തിറങ്ങി സമരക്കാര്‍ക്കു നേരേ തിരിഞ്ഞത്. സമരക്കാരോടു പൊട്ടിത്തെറിച്ച ജോജു ഇങ്ങനെ സമരം നടത്തിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാകുന്നതെന്നു ചോദിച്ചു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സമരങ്ങളുടെ കാലം കഴിഞ്ഞെന്നും വഴി തടയുന്നതു ശരിയല്ലെന്നും ജോജു പറഞ്ഞു. ഇതിനിടെ, വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉണ്ടായി.

തുടര്‍ന്നു ജോജു തന്റെ വാഹനത്തിനരികിലേക്കു മടങ്ങി. ഇതിനിടെ, ഒപ്പമെത്തിയ മാധ്യമപ്രവര്‍ത്തകരോടും ജോജു പ്രതിഷേധം പങ്കുവച്ചു. നിരവധി വാഹനങ്ങള്‍ ഏറെ നേരമായി കുരുങ്ങിക്കിടക്കുകയാണെന്നും ഇതു ശരിയല്ലെന്നും നിങ്ങള്‍ സമരക്കോരോടു ചോദിക്കാനും ജോജു പറഞ്ഞു. സംഭവം വലിയ വാര്‍ത്തയായതോടെ പോലീസ് സ്ഥലത്തെത്തി. സമരക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സമരം നിര്‍ത്താന്‍ അവര്‍ തയാറായില്ല. ഇത് ഒരു ജോജുവിന്റെ പ്രശ്നമല്ലെന്നും ലക്ഷക്കണക്കിനു സാധാരണക്കാരായ ജനങ്ങള്‍ ഇന്ധനവിലയില്‍ നട്ടംതിരിയുകയാണെന്നും അവര്‍ക്കു വേണ്ടിയുള്ള സമരമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

വൈകാതെ സമരക്കാരെ അനുനയിപ്പിച്ചു പോലീസ് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതിനിടെ, ജോജുവിന്റെ വാഹനം എത്തിയതോടെ വീണ്ടും പ്രതിഷേധമായി. ജോജുവിന്റെ വാഹനം രെു കാരണവശാലം കടത്തിവിടില്ലെന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശഠിച്ചു. അവര്‍ വാഹനം തടഞ്ഞു പോലീസുമായി ഉന്തും തള്ളും തുടങ്ങി. ഇതിനിടെ, ജോജുവിന്റെ എന്‍ഡവര്‍ കാറിന്റെ പിന്‍വശത്തെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇതോടെ പോലീസ് ഒരുവിധത്തില്‍ പണിപ്പെട്ടു വാഹനം പ്രതിഷേധക്കാരില്‍നിന്നു കടത്തിവിടുകയായിരുന്നു.

തൊട്ടുപിന്നാലെ ജോജുവിനെതിരേ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജോജു മദ്യപിച്ചു വന്നു സമരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ജോജുവിനെതിരേ പരാതി നല്‍കുമെന്നും വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പറഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ നടന്ന സമരത്തിനെതിരേ ജോജു മാത്രമാണ് പ്രതിഷേധിച്ചതെന്നും സമരം അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജോജുവിനു പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെ കോണ്‍ഗ്രസിനു പ്രതിഷേധം നടത്താനും അവകാശമുണ്ടെന്നും നിയമപരമായ അനുമതി വാങ്ങിയാണ് സമരം നടത്തിയതെന്നും ഹൈബി ഈഡന്‍ എംപിയും പറഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതരേ ഇനിയും മൗനംപാലിച്ചിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button