KeralaNews

ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരുകി കയറ്റി; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് ഇഷ്ടത്തോടെയല്ലെന്നും ഈ സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി എന്നിവരുടെ ഇഷ്ടക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ തിരുകി കയറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ പ്രത്യാശ നഷ്ടമായി. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു.

മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ തലയില്‍ കയറുന്ന അവസ്ഥയുണ്ടാകരുത്. ഘടക കക്ഷികളെ നിയന്ത്രിക്കുന്നവരാകണം കെപിസിസി നേതൃത്വത്തിലുണ്ടാകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

തീരുമാനമെടുക്കുന്ന നേതാക്കന്മാരുടെ ഭാഗത്താണ് പ്രശ്നം. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാത്ത സമീപനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായത്. ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കാന്‍ തുടക്കത്തില്‍ തന്നെ സാധിക്കുമായിരുന്നു. അതിന് മെനക്കെടാന്‍ നേതൃത്വത്തിന് സമയമില്ല.

ലതികാ സുഭാഷിന്റെ വികാരത്തോട് എല്ലാവരും ഐക്യപ്പെട്ടു. അവരുടെ ആവശ്യം ന്യായമാണെന്ന തോന്നല്‍ എല്ലാ പ്രവര്‍ത്തകരിലുമുണ്ട്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button