കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിന് നേതൃത്വം മുമ്പ് പറഞ്ഞ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്നും ഇത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ.സുധാകരന്‍.
നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് വേറെ കാര്യമാണ്. മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടാണ് മുരളീധരനിലേക്ക് കാര്യങ്ങള്‍ എത്തിയത്. മത്സരിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ നിലപാടിനെയും സുധാകരന്‍ പ്രശംസിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യത ഉന്നയിച്ച് നേതാക്കള്‍ ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കുകയായിരുന്നു. ചില മണ്ഡലങ്ങളില്‍ അതിനാലാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കെ.സി.വേണുഗോപാലും ഇക്കൂട്ടത്തിലുണ്ടോ എന്ന ചോദ്യത്തിന് എല്ലാവരുമുണ്ടെന്നായിരുന്നു സുധാകരന്റെ മറുപടി.
കണ്ണൂരിലെ സീറ്റ്-സ്ഥാനാര്‍ഥി നിര്‍ണയത്തിലും സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തി. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് വിട്ടുനല്‍കിയത് ശരിയായില്ലെന്നും ഈ തീരുമാനം നേതൃത്വം തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂര്‍ സീറ്റില്‍ കീഴ്വഴക്കവും പാരമ്പര്യവും അനുസരിച്ചുള്ള തീരുമാനം വേണം.
സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ പന്ത് നിലവില്‍ ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലാണ്. പുറത്തേയ്ക്കടിക്കണോ ഗോളടിക്കണോ എന്ന് അവര്‍ തീരുമാനിക്കട്ടയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.