ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യുമന്ത്രി കെ രാജന്‍. ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണ്. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകളാണ് ഇന്ന് തുറന്നത്. ഇടുക്കി ഡാമില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 2398.32 അടിയാണ് നിലവിലെ ജലനിരപ്പ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം വള്ളക്കടവിലേക്കാണ് ജലമെത്തുക. ഡാം തുറന്ന് ഒരുമണിക്കൂറോളം പിന്നിട്ടിട്ടും വള്ളക്കടവിലേക്ക് എത്തിയിട്ടില്ല. വെള്ളത്തിന്റെ ഒഴുക്ക് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറില്‍ 60 സെന്റിമീറ്ററോളം ജലനിരപ്പുയരും.
രാവിലെ 7.29നാണ് ഡാമിന്റെ ആദ്യ ഷട്ടര്‍ തുറന്നത്. മൂന്ന്,നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയാണ്. ഇത് 138 അടിയിലേക്ക് നിജപ്പെടുത്തുകയാണ് ലക്ഷ്യം. 2018 ന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്.