ആലപ്പുഴ: കെ റെയില്‍ കടന്നുപോകുന്ന വെണ്‍മണിയില്‍ വിശദീകരണവുമായി എത്തിയ സിപിഎം നേതാക്കളോട് കയര്‍ത്ത് നാട്ടുകാര്‍. കഴിഞ്ഞദിവസം വെണ്‍മണി പഞ്ചായത്ത് 9-ാം വാര്‍ഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയാണ് ശകാരവര്‍ഷവുമായി നാട്ടുകാര്‍ നേരിട്ടത്. ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
‘അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം’ എന്നും ചിലര്‍ പറഞ്ഞു. വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും നാട്ടുകാര്‍ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം എത്തിയതാണെന്ന് പറഞ്ഞ് നേതാക്കള്‍ സ്ഥലം വിട്ടു.
രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ, ‘നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നു പോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാന്‍’ എന്നു ലോക്കല്‍ കമ്മിറ്റിയംഗം പറയുന്നതടക്കമുള്ള സംഭാഷണവും പ്രതിഷേധ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
വെണ്‍മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ദൂരത്തിലാണു ലൈന്‍ കടന്നുപോകുന്നത്. 2.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകും. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്ത് കനത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്.