KeralaNews

എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് ചട്ടങ്ങൾ മറികടന്ന് നിയമനമെന്ന് ആക്ഷേപം, എം.ജി. സർവ്വകലാശാലയിൽ പുതിയ വിവാദം

കോട്ടയം:എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്‍റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം നൽകിയതായി ആക്ഷേപം.സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെ ആര്‍ മീരയെ തിരുകി കയറ്റിയത്. അക്കാദമിക് വിദഗ്ധരാകണം ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ എന്ന എംജി സര്‍വ്വകലാശാല ആക്ടും സ്റ്റാറ്റ്യൂട്ടും വ്യക്തമായി പറയുമ്പോഴാണ് ഈ വഴിവിട്ട നിയമനം.

മലയാളം ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ്. രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്കരിക്കുക, പരിഷ്കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്‍റെ ചുമതല. സര്‍വ്വകലാശാല വൈസ്ചാൻസിലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണ്ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സന്‍റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്.

അതിന് ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശുപാര്‍ശ വിസിക്ക് നല്‍കുന്നത്. എന്നാല്‍ എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്നും നല്‍കിയ ശുപാര്‍ശയില്‍ കെ ആര്‍ മീരയില്ല.ശുപാര്‍ശ ചെയ്യാത്തയാള്‍ അംഗമായതില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം ഉള്ളവരാകണം എന്ന് എംജി സര്‍വ്വകലാശാല ആക്ടിലെ 28 ആം അധ്യായത്തില്‍ വ്യക്തമായി പറയുന്നു. എംജി സര്‍വ്വകലാശാല ഇക്കഴിഞ്ഞ ആറാം തീയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ ആര്‍ മീര ഒഴിച്ച് ബാക്കി 10 പേരും അസിസ്റ്റന്‍റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആണ്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വെട്ടി ഉന്നതവിദ്യഭ്യാസ വകുപ്പിന്‍റെ ഇടപെടലിലാണ് കെആര്‍ മീരയെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ ബന്ധപ്പെട്ട ഭാഷകളിലെ വിദഗ്ധരെ അവരുടെ അക്കാദമിക യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ച കീഴ് വഴക്ക മുണ്ടെന്നാണ് എംജി സര്‍വകലാശാലയുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button