തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തെരുവിൽ ഇരുന്നത് മോശപ്പെട്ട കാര്യമെന്ന് കെ മുരളീധരൻ എംപി. കൊല്ലം നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം കരിങ്കൊടി കാട്ടിയതിനെ തുടർന്ന് റോഡുവക്കിൽ ഗവർണർ കസേരയിട്ട് പ്രതിഷേധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ പക്വതയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ നോക്കണമായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. കരിങ്കൊടിക്ക് പൊലീസ് അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നുവെന്നും എസ്എഫ്‌ഐക്കാരെ ഇറക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പ്രവർത്തകർക്ക് ഇളവുകൾ ഇല്ലല്ലോയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
ഗവർണർ സർക്കാരിനെതിരെ പടനയിക്കുകയാണന്നായിരുന്നു മുൻ ധനമന്തി തോമസ് ഐസകിന്റെ പ്രതികരണം. സംഘർഷമുണ്ടാക്കാൻ ശ്രമിച്ചത് ഗവർണറാണെന്നും കേരളത്തിന്റെ ക്രമസമാധാനത്തിലേക്ക് കൈകടത്താനുളള ബിജെപിയുടെ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണറുടെ വിഡ്ഢി വേഷം കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. ‘ഭരണഘടനയിൽ ബാഹ്യമായ ഇടപെടൽ നടത്തുന്നു. സാധാരണ പ്രവർത്തിക്കും പോലെ അല്ല ഗവർണർ പ്രവർത്തിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർ വണ്ടിക്ക് അടിച്ചു എന്നത് ശുദ്ധ കളവെന്ന് മാദ്ധ്യമങ്ങൾ തന്നെ വ്യക്തമാക്കി.
പ്രതിഷേധക്കാർ വാഹനത്തിന് അടുത്ത് പോലും എത്തിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്നടക്കം വളരെ വ്യക്തമാണ്. പലതുമെന്ന പോലെ ഇതും കളവാണ്. മറ്റുചില ഉദ്ദേശിച്ച് കെട്ടുന്ന വിഡ്ഢി വേഷം കേരളത്തിൽ ഏറ്റില്ല. തെറ്റായ ഒരു പ്രവണതയും അംഗീകരിക്കില്ല.
ഗവർണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടാനില്ല. എക്സ് പോയാൽ വൈ വരും അതുകൊണ്ട് തിരിച്ച് വിളിക്കുന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വരണം. ചിലപ്പോൾ ഇനിയും ഇതുപോലുളള ആർഎസ്എസുകാരനാകും വരുന്നത്. സിആർപിഎഫ് വന്നത് കൊണ്ട് ആരും ഗവർണർക്കെതിരായ പ്രതിഷേധം അവസാനിക്കില്ല. പ്രഖ്യാപിച്ച പ്രതിഷേധങ്ങളെല്ലാം ആര് വന്നാലും നടക്കും. കേന്ദ്ര സുരക്ഷ ഏർപ്പെടുത്തുന്നതിൽ മാത്രമല്ല ഒന്നിലും നടപടിക്രമം പാലിച്ചിട്ടില്ല’. ഗോവിന്ദൻ പ്രതികരിച്ചു.