തിരുവനന്തപുരം: തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തില്‍ പ്രതിഷേധമറിയിച്ച് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ചു. നേമം മണ്ഡലത്തില്‍ എത്തിയില്ലെങ്കില്‍ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച നേമത്ത് പ്രിയങ്കയുടെ റോഡ് ഷോ നടന്നിരുന്നില്ല. തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയില്‍ നേമത്തെ സ്ഥാനാര്‍ഥി മുരളീധരനും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും എന്നതായിരുന്നു തീരുമാനം. എന്നാല്‍ സമയക്കുറവ് മൂലം പൂജപ്പുരയിലെ റോഡ് ഷോ ഒഴിവാക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതില്‍ കെ.മുരളീധരന്‍ പ്രിയങ്ക ഗാന്ധിയേയും നേതൃത്വത്തേയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കെപിസിസി ഇടപെടുന്നില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. ഏപ്രില്‍ മൂന്നിന് നേമത്ത് എത്താമെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെയാണ് കേരളത്തിലെത്തിയത്.ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു. അരിത ബാബു കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥികളിലൊരാളാണെങ്കിലും ധൈര്യത്തിൽ മുന്നിലാണെന്ന് പ്രിയങ്ക പറഞ്ഞു. അരിത ബാബുവിന്റെ സന്ദർശിച്ച പ്രിയങ്ക പശുവളര്‍ത്തല്‍ വിശേഷങ്ങളും ചോദിച്ചറിഞ്ഞു.
തെക്കൻ കേരളത്തെ ഇളക്കിമറിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം.സംസ്ഥാന സർക്കാരിനെയും,മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. മമ്മൂട്ടി ചിത്രം ദി കിങ്ങിലെ ഡയലോഗ് ഓര്‍മിപ്പിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം.
കേരളത്തിന് എന്താണ് വേണ്ടതെന്നും മറ്റാരെക്കാളും നിങ്ങള്‍ക്ക് അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്‍റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെന്‍സിറ്റിവിറ്റി ഉണ്ടാവണം- ഇങ്ങനെ മലയാളവും ഇംഗ്ലീഷും കലര്‍ത്തി പ്രസംഗവുമായി വേദിയില്‍ പ്രിയങ്ക കത്തികയറി. പ്രസംഗത്തിന് ശേഷം ദ കിങ്ങിലെ തേവള്ളി പറമ്പിൽ ജോസഫ് അലക്സിന്റെ പശ്ചാത്തല സംഗീതവും ചേര്‍ത്ത് പ്രിയങ്കയുടെ പ്രസംഗം വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.