കോഴിക്കോട്: കെ.മുരളീധരന്‍ എം.പിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നു മുരളീധരനോട് കൊവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഫലം നെഗറ്റീവാണെന്ന അറിയിപ്പ് വന്നത്.
‘കോവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണ്. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചരണങ്ങള്‍ക്കെതിരെ ഒപ്പം നിന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.’-മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ വരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്താന്‍ മുരളീധരനോടു നിര്‍ദേശിച്ചത്. ‘വിവാഹദിവസം പങ്കെടുത്ത വ്യക്തിയില്‍നിന്നാണ് വരന് കൊവിഡ് പോസിറ്റീവ് ആയത്. ഞാന്‍ അവിടെ പോയത് വിവാഹത്തലേന്നാണ്.’- ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ ക്വാറന്റൈന്‍ വിധിച്ച് നിശബ്ദനാക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. രാഷ്ട്രീയം പറയുമ്പോള്‍ തിരിച്ചു വ്യക്തിപരമായി തേജോവധം ചെയ്യുന്നത് തരംതാണ നടപടിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.