കോഴിക്കോട്: വീണ്ടും എല്‍ജിബിടിക്യൂ വിഭാഗങ്ങളെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. എല്‍ജിബിടിക്യു എന്ന് കേള്‍ക്കുമ്പോള്‍ വലിയ എന്തോ കാര്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഇത് നാട്ടിന്‍ പുറത്തെ തല്ലിപ്പൊളി പണിയാണ്. അവര്‍ ഏറ്റവും മോശമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ എം ഷാജി പറഞ്ഞു.
സ്വവര്‍ഗരതിയെ കളര്‍ഫുള്‍ ആക്കുകയാണ്. എല്‍ജിബിടിക്യു എന്ന ടേം പോലും അപകടമാണ്. സമൂഹത്തില്‍ അരാചകത്വം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മതവിശ്വാസത്തിനെതിരാണെന്നും അടുത്ത തലമുറ ജെന്‍ഡര്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കാന്‍ പോകുകയാണെന്നും കെ എം ഷാജി പറഞ്ഞു.
ഒരു ഹോര്‍മോണ്‍ ഇഷ്യൂ ഉണ്ട്. പക്ഷെ അതിനെ പരിഹരിക്കാന്‍ ലോകത്ത് ഒരുപാട് മാര്‍ഗങ്ങളുണ്ട്. കൗണ്‍സിലിംഗ് പോലെ നിരവധി മാര്‍ഗങ്ങള്‍ അത് മാറ്റിയെടുക്കാനായി മുമ്പിലുണ്ട്. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയ പോലുള്ള മാര്‍ഗങ്ങള്‍ പരാജയമാണെന്ന് തെളിഞ്ഞ കാര്യമാണെന്നും കെ എം ഷാജി വാദിച്ചു.
സ്‌കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതിയെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെയും കെ എം ഷാജി പരിഹസിച്ചു. പ്രകൃതിയുടെ ഏറ്റവും മനോഹാരിത എന്നത് ആണും പെണ്ണും എന്ന രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വ്യത്യസ്തത ഒരു സൗന്ദര്യമാണ്. മനുഷ്യരില്‍ മാത്രമല്ല ജെന്‍ഡര്‍ ഉള്ളത്. ഒരു ചെടിയെടുത്താല്‍ അതില്‍ ആണും പെണ്ണും ഉണ്ട്. സര്‍ക്കാര്‍ കുട്ടികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.