27.8 C
Kottayam
Thursday, May 23, 2024

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാരായവര്‍; കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാണിയുടെ ആത്മകഥ

Must read

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയില്‍ പറയുന്നു. ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ക്കോഴ കേസെന്നും പുസ്തകത്തിലുണ്ട്. കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. 

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എല്ലാകാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലാണ് ആത്മകഥയിലെ രാഷ്ട്രീയ അധ്യായങ്ങളിലുള്ളത്. ബാര്‍ക്കോഴ ആരോപണത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നത് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണ്. രമേശിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് സമീപിച്ചു.

അതിന് താന്‍ വിലകല്‍പ്പിച്ചില്ല. ഇതോടെ ബാര്‍ക്കോഴ ആരോപണം ഒരു വടിയായി തനിക്കെതിരെ ഉപയോഗിച്ചു. ആരോപണം ഉണ്ടാവാന്‍ കാത്തിരുന്നത് പോലെയാണ് ചെന്നിത്തല പ്രവര്‍ത്തിച്ചത്. അടിയന്തരകാര്യം എന്നതുപോലെ തനിക്കെതിരെ വിജിലന്‍സിന്‍റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചു. ഇത്തിരി വെള്ളം കുടിക്കട്ടെ എന്ന് ചെന്നിത്തല മനസില്‍ കരുതിയിരിക്കും.

തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിക്ക് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകളുടെ കല്യാണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിവാഹനടത്തിപ്പുകാരായി മാറിയെന്നും മാണി ആത്മകഥയിൽ പറയുന്നു.

തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന്  കുറിച്ചു വച്ചിരിക്കുകയാണ് മാണി ആത്മകഥയില്‍. ആരോപണങ്ങളെ അതിജീവിച്ച് താന്‍ പാലായില്‍ ജയിച്ചെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാനകാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയായിരുന്നു എന്നും ആത്മകഥ പറയുന്നു.

കെഎം മാണി മരിക്കുന്നതിന് ആറു മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെഎം മാണി ഫൗണ്ടേഷന്റെ വിശദീകരണം. ചടങ്ങിലേക്ക് ഒരു കോൺഗ്രസ് നേതാവിനും ക്ഷണമില്ല. യുഡിഎഫിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടി മാത്രമാണ് ക്ഷണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week