KeralaNews

‘കാഫിര്‍’വിവാദം പോസ്റ്റ് പിന്‍വലിച്ച് കെ.കെ. ലതിക; ഫെയ്‌സ്ബുക് പ്രൊഫൈലും പൂട്ടി

കോഴിക്കോട്: വിവാദമായ ‘കാഫിര്‍’ പ്രയോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത പോസ്റ്റ്, ഫെയ്‌സ്ബുക്കില്‍നിന്ന് മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ.കെ. ലതിക പിന്‍വലിച്ചു. പിന്നാലെ ഫെയ്‌സ്ബുക് പ്രൊഫൈലും ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു കെ.കെ. ലതികയെ ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി. പോസ്റ്റ് വ്യാജമാണെന്നറിഞ്ഞിട്ടും ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കം ചെയ്തില്ലെന്നും ലതികയെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്സാപ് ഗ്രൂപ്പിൽനിന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻഷോട്ടാണു പുറത്തുവന്നത്. എന്നാൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിനു പിന്നിൽ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു വടകര പൊലീസ് ശനിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

ഖാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അതേസമയം, ഖാസിമിന്റെ പങ്ക് തള്ളിക്കളയാനുമാവില്ല എന്നും വടകര റൂറൽ എസ്പി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഖാസിമിന്റെ ഫോൺ പരിശോധിച്ചതിൽനിന്നും ഇത്തരമൊരു പോസ്റ്റ് ആ ഫോണിൽ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. 

സ്ക്രീൻഷോട്ട് ആദ്യമായി ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചത് ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫെയ്സ്ബുക് ഗ്രൂപ്പാണ്. ഇപ്പോഴും ഈ പോസ്റ്റ് നിലനിൽക്കുന്ന ‘പോരാളി ഷാജി’ എന്ന അക്കൗണ്ട് സംബന്ധിച്ചും വിവരങ്ങൾ ഫെയ്സ്ബുക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നു പൊലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട കുറ്റ്യാടി മുൻ എംഎൽഎ കെ.കെ.ലതിക അടക്കം 12 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്കിൽനിന്നു വ്യാജ പോസ്റ്റ് നീക്കം ചെയ്യാനായി ഫെയ്സ്ബുക് അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിന്റെ പേരിൽ സമൂഹമാധ്യമത്തിന്റെ നോഡൽ ഓഫിസറെ കേസിൽ പ്രതി ചേർത്തതായും ഫെയ്സ്ബുക് അധികാരികളിൽനിന്നു റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുകയുള്ളുയെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button