KeralaNews

ഇനിയും പാര്‍ട്ടിയില്‍ നിന്നുള്ള അപമാനം സഹിക്കാന്‍ വയ്യ; കെ.കെ വിശ്വനാഥന്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു

വയനാട്: ഡിസിസി സെക്രട്ടറിയുടെ രാജിക്ക് പിന്നാലെ വയനാട്ടില്‍ വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവിന്റെ രാജി. മുന്‍ കെപിസിസി മെമ്പറും മുതിര്‍ന്ന നേതാവുമായ കെകെ വിശ്വനാഥന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇനിയും പാര്‍ട്ടിയില്‍ നിന്നുളള അപമാനം സഹിക്കാനാകാത്തതിനാലാണ് രാജിയെന്ന് കെകെ വിശ്വനാഥന്‍ പറഞ്ഞു. തത്ക്കാലം ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് വിശ്വനാഥന്‍ മാസ്റ്റര്‍ പറയുന്നത്.

ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പ്രസിഡന്റായിട്ടുളള ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് അഞ്ച് പതിറ്റാണ്ടിലധികം നീണ്ടുനിന്ന കോണ്‍ഗ്രസിലെ രാഷ്ട്രീയജീവിതം കെകെ വിശ്വനാഥന്‍ അവസാനിപ്പിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഒരു മൂവര്‍ സംഘത്തിന്റെ കൈപ്പിടിയിലാണെന്നും വലിയ അപമാനം നേരിട്ട കാലഘട്ടമാണ് കടന്നുപോയതെന്നും വിശ്വനാഥന്‍ മാസ്റ്റര്‍ തുറന്നടിച്ചു.

ജില്ലയില്‍ പലയിടത്തും പാര്‍ട്ടിക്ക് നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത അവസ്ഥയുണ്ടെന്നും തന്റെ സഹോദരന്‍ മുന്‍മന്ത്രി കെകെ രാമചന്ദ്രന്‍ അന്തരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവരാരും ചടങ്ങിനെത്തിയില്ലെന്നും വിശ്വനാഥന്‍ മാസ്റ്റര്‍ പറയുന്നു.

നേരത്തെ ഡിസിസി സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ സജീവമായിരുന്നു. രാഹുല്‍ഗാന്ധിയുടെ ലോക്സഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമെന്ന നിലയില്‍ പാര്‍ട്ടി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ ആശങ്കയിലാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button