ബിജെപി നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റ് കടന്നു കൂടിയതില്‍ അസ്വഭാവികത ; കോലീബി ഗൂഢാലോചന സംശയിക്കുന്നതായി കെ കെ ശൈലജ

പാലക്കാട് : തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതില്‍ ‘കോലീബി’ ഗൂഢാലോചന സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതെന്നും അതില്‍ ഇത്തരം തെറ്റ് കടന്നു കൂടുന്നതില്‍ അസ്വഭാവികതയുണ്ടെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമര്‍പ്പിച്ചതായി തോന്നുന്നു. മുമ്പും കോണ്‍ഗ്രസും ബിജെപിയും ഒത്ത് ചേര്‍ന്ന് വോട്ട് ചെയ്തതായി കേട്ടിട്ടുള്ള സ്ഥലമാണിതെന്നും കെ കെ ശൈലജ വ്യക്തമാക്കി.

യുഡിഎഫ് പ്രകടന പത്രിക ഗിമ്മിക്കാണ്. യുഡിഎഫ് ഉള്ള സമയത്തെ ആശുപത്രികളുടെ സ്ഥിതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇടത് സര്‍ക്കാര്‍ ആശുപത്രികളെ രോഗി സൗഹൃദമാക്കി. കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കും ആധുനികവത്കരിച്ച സാഹചര്യത്തിന്റെ ആവശ്യകതയ്ക്കനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷം നയിച്ച പിണറായി, കേരളത്തിന് വളരെ ആവശ്യമാണ്. ഇപ്പോള്‍ കേരളത്തില്‍ മറ്റെന്തെങ്കിലും ഒരാവശ്യത്തിന് പ്രസക്തിയില്ല. പിണറായിയുടെ സര്‍ക്കാര്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെനാമനിര്‍ദേശ പത്രിക തള്ളിയ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുന്നു. തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇവരുടെ ഹര്‍ജി ഹൈക്കോടതി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അടിയന്തരമായി പരിഗണിക്കും. അപൂര്‍വമായാണ് ഞായറാഴ്ച കോടതി കേസ് പരിഗണിക്കുന്നത്. വരണാധികാരിയുടെ രാഷ്ട്രീയ താല്‍പര്യങ്ങളാണ് പത്രിക തള്ളാന്‍ ഇടയാക്കിയതെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഹര്‍ജിയില്‍ പറയുന്നത്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ മൂന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഇതില്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയ മണ്ഡലമായ ദേവികുളത്ത് സ്വതന്ത്രനെ പിന്തുണക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത് ബിജെപി ക്യാമ്പില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തലശേരിയിലാണ് അമിത് ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. ഇനി ഇവിടെ അമിത് ഷാ എത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

കണ്ണൂര്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശേരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി 22,125 വോട്ട് നേടിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആയിരുന്നു ഇവിടെ സ്ഥാനാര്‍ഥി.

ഗുരുവായൂരില്‍ മഹിളാ മോര്‍ച്ച അധ്യക്ഷ നിവേദിതയുടെ പത്രികയാണു തള്ളിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25,490 വോട്ടും ലോക്‌സഭാ തെ രഞ്ഞെടുപ്പില്‍ 33,967 വോട്ടും ഇവിടെ ബിജെപി നേടിയിരുന്നു. ദേവികുളത്ത് എന്‍ഡിഎ പിന്തുണച്ചിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെ പത്രികയാണു തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News