KeralaNews

വടകരയില്‍ കെ.കെ രമ തന്നെ മത്സരിക്കും

വടകര: വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ. രമ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കും. കെ.കെ രമ മത്സരിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. രമ മത്സരിച്ചില്ലെങ്കില്‍ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പിന്നാലെയാണ് കമ്മിറ്റി കൂടി കെ.കെ രമയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അതേസമയം, വടകരയില്‍ ഇടതു മുന്നണിയെ നേരിടുന്ന കെ.കെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ദിവസങ്ങളോളം നീണ്ട് നിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പത്തിനുമൊടുവിലാണ് രമയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെടുന്നത്. യു.ഡി.എഫ് നേതൃത്വത്തിലും വലിയ തോതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. രമ മത്സരിക്കില്ലെന്നും വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് ഇന്നലെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞത്.

ഇതിനിടയില്‍ രമക്ക് പകരം ആര്‍.എം.പി(ഐ) നേതാവ് എന്‍. വേണു വടകരയില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. കെ.കെ. രമക്ക് വിജയ സാധ്യതയുള്ളതിനാലാണ് അവര്‍ മത്സരിച്ചാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്.

2016ല്‍ വടകരയില്‍ ഒറ്റക്ക് മത്സരിച്ച കെ.കെ. രമ 20,504 വോട്ട് നേടിയിരുന്നു. പതിനായിരത്തില്‍ താഴെ വോട്ടിനാണ് അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ജെ.ഡി.എസ് നേതാവ് സി.കെ.നാണു വിജയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button