KeralaNews

ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം; 'ഗുരുതരമായ കോടതിയലക്ഷ്യം, കോടതിയെ സമീപിക്കും': കെകെ രമ

തിരുവനന്തപുരം: ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കും. രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ പ്രതികരിച്ചു.

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് പ്രതികൾക്ക് അർഹതയില്ലെന്ന് കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാദാകൃഷ്ണനും പ്രതികരിച്ചു. സർക്കാർ നീക്കം ജനഹിതത്തിന് എതിരാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ടിപി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ തീരുമാനം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞതായാണ് വിവരം. 

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് പുറത്തുവരികയായിരുന്നു. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button