കോഴിക്കോട്: ഒഞ്ചിയം ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത് നിന്നുള്ള സുപ്രിംകോടതി അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് ആവശ്യം. നിലവിലെ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞു.
2012 മെയ് നാലിനാണ് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നു. സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരന്‍ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ല്‍ പാര്‍ട്ടി വിടുകയും റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു. ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം കൂടുതല്‍ ശക്തിപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍ കേസിന്റെ വിധി വന്നപ്പോള്‍ മൂന്ന് സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്ന് വര്‍ഷം കഠിന തടവും വിധിച്ചു.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചന്ദ്രശേഖരന്‍ തന്റെ 18ാമത്തെ വയസില്‍ നെല്ലച്ചേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി സിപിഐഎമ്മില്‍ സജീവമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ അടിയുറച്ച അനുഗാമിയായിരുന്നു ചന്ദ്രശേഖരന്‍.
ചന്ദ്രശേഖരന്റെ മരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമയുടെ നേതൃത്വത്തില്‍ ആര്‍എംപി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രമ 7746 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സിപിഐഎമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് തന്റെ വിജയമെന്ന് കെ കെ രമ പറയുന്നു. അക്രമരാഷ്ട്രീയം വെടിയണമെന്ന ഓര്‍മപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓര്‍മ ദിനവും.