‘മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും; യുഡിഎഫിനെ പരിഹസിച്ച് കെ ബി ഗണേഷ്‌കുമാര്‍

'മുഖ്യമന്ത്രിക്ക് കസേരയല്ല, ഒരു ബഞ്ചിടേണ്ടി വരും; അഞ്ച് മുതല്‍ ആറ് പേര്‍ വരെ ഉണ്ട്; മൂന്ന് പേര്‍ രംഗത്തുണ്ട്;  പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കുന്നതിനെച്ചൊല്ലിയും തര്‍ക്കം';  യുഡിഎഫിനെ പരിഹസിച്ച് കെ ബി ഗണേഷ്‌കുമാര്‍

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാര്‍. യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ നിരവധി പേര്‍ മത്സരിക്കുകയാണെന്നും ഒരാള്‍ക്ക് ഇരിക്കാനുള്ള കസേരയല്ല, മറിച്ച് പലര്‍ക്കായി ഒരു 'ബഞ്ച്' തന്നെ ഇടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് മുന്‍പേ മന്ത്രിസ്ഥാനത്തെച്ചൊല്ലിയും പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കുന്നതിനെച്ചൊല്ലിയും യുഡിഎഫില്‍ തര്‍ക്കം തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫില്‍ നിലവില്‍ അഞ്ചോ ആറോ പേര്‍ മുഖ്യമന്ത്രിയാകാന്‍ സ്വപ്നം കാണുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മൂന്ന് പേര്‍ ഇതിനോടകം പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. ഭരണം കിട്ടുന്നതിന് മുന്‍പേ മന്ത്രിമാരെയും പ്രൈവറ്റ് സെക്രട്ടറിമാരെയും തീരുമാനിക്കുന്ന തിരക്കിലാണ് അവര്‍. കഴിഞ്ഞ ഒരു മാസക്കാലം ടെലിവിഷന്‍ ചാനലുകളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കണ്ട് സമയം പോയതറിഞ്ഞില്ലെന്നും രസകരമായ വിഭവങ്ങളാണ് കോണ്‍ഗ്രസ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനാപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മണ്ഡലമായ പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗണേഷ് കുമാര്‍. പത്തനാപുരത്തെ ജനങ്ങള്‍ തന്നെ വീണ്ടും ചേര്‍ത്തുപിടിക്കുമെന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ബന്ധങ്ങളും മണ്ഡലത്തിലെ സ്വാധീനവും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

സംസ്ഥാന രാഷ്ട്രീയത്തില്‍ എല്‍ഡിഎഫ് തുടഭരണം നേടുമെന്ന കാര്യത്തില്‍ ഗണേഷ് കുമാറിന് സംശയമില്ല. നേരിയ ഭൂരിപക്ഷത്തിലാണെങ്കില്‍ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം പ്രവചിച്ചു. ജനങ്ങള്‍ വികസനത്തിനൊപ്പമാണെന്നും ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഒരിടത്തുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിന് ഭരണതുടര്‍ച്ച നല്‍കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News