ന്യൂഡല്‍ഹി:മധ്യപ്രദേശിൽ വിമത നീക്കം നടത്തിയ ജ്യോതിരാധിത്യ സിന്ധ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിന്ധ്യയെ പുറത്താക്കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, താന്‍ കോണ്‍ഗ്രസില്‍ നിന്ന് രജിവച്ചതായി സിന്ധ്യ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും നരേന്ദ്രമോദിയുടെ വസതിയില്‍ മോദിയും അമിത്ഷായും സിന്ധ്യയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്ക് കൈമാറി.
മധ്യപ്രദേശിലെ 14 വിമത എം.എല്‍.എമാരും സിന്ധ്യയ്ക്കൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്.
18 വർഷമായി കോൺഗ്രസിനായി പ്രവർത്തിക്കുന്ന താൻ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് പദവികളിൽ നിന്നും രാജിവെക്കുകയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ തനിക്ക് ഇനിയൊന്നും ചെയ്യാനില്ല. തെൻറ അനുഭാവികളുടെയും പ്രവർത്തകരുടെയും അഭിലാഷവും താൽപര്യവും തിരിച്ചറിഞ്ഞുകൊണ്ട് പുതിയ തുടക്കത്തിന് ശ്രമിക്കുകയാണെന്നും സിന്ധ്യ രാജിക്കത്തിൽ വിശദീകരിക്കുന്നു.സിന്ധ്യയ്ക്ക് ബി.ജെ.പി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം.