പോളിങ്ങിന് മണിക്കൂറുകള്‍ മാത്രം, മണിപ്പൂരില്‍ സ്ഫോടനം; 6 വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. ശനിയാഴ്ച രാത്രി 7.30ഓടെ ചുരാചന്ദ്പൂര്‍ ജില്ലയിലെ ഗാംഗ്പിമുവാല്‍ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്.കൊല്ലപ്പെട്ടവരില്‍ ആറ് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. ആറ് വയസുള്ള മാഗ്മിന്‍ലാലും 22 വയസുള്ള ലാഗ്ഗിന്‍സാംഗുമാണ് കൊല്ലപ്പെട്ടത്.

ബിഎസ്എഫ് ഫയറിംഗ് റേഞ്ചില്‍ പൊട്ടാതെ കിടന്ന മോര്‍ട്ടാര്‍ ഷെല്‍ നാട്ടുകാര്‍ എടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതായിരിക്കാം എന്ന വിലയിരുത്തലും ഉയരുന്നുണ്ട്. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മോര്‍ട്ടാര്‍ ഷെല്ല് കുട്ടികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്.

സ്‌ഫോടന നടന്ന സ്ഥലത്ത് മോര്‍ട്ടാര്‍ ഷെല്ലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മണിപ്പൂരിലെ ആദ്യഘട്ട പോളിംഗിന് വെറും 48 മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് മണിപ്പൂരിനെ നടുക്കിയ സ്‌ഫോടനം. 60 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുക. 15 വനിതാ സ്ഥാനാര്‍ത്ഥികള്‍ അടക്കം 173 സ്ഥാനാര്‍ത്ഥികളാണ് മത്സരംരംഗത്തുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News