കൊച്ചി:മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ചിത്രമാണ് 2018. പ്രളയ കാലത്തിന്റെ വേദനകൾ ഇത്രയധികം ആഴത്തിൽ പകർത്തിയ മറ്റൊരു ചിത്രം മലയാളത്തിൽ ഇറങ്ങിയിട്ടില്ല. അതിന്റെ കണ്ടന്റിന്റെ വ്യാപ്‌തി കൊണ്ടാവാം ഓസ്‌കർ വേദി വരെ എത്താൻ ചിത്രത്തിന് കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് സിനിമയുടെ വിശേഷങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും, തന്റെ മുൻകാല ചിത്രങ്ങളിലെ നായികാ പ്രാധാന്യത്തെ കുറിച്ചുമൊക്കെ ജൂഡ് മനസ് തുറക്കുന്നുണ്ട്. 2018 എന്ന ചിത്രത്തിന് മുൻപ് ജൂഡ് ചെയ്‌ത മുൻകാല ചിത്രങ്ങളിലെ നായികാ പ്രാധാന്യം ആകസ്‌മികമായിരുന്നോ എന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നൽകുകയുണ്ടായി.
സ്ത്രീകളും പുരുഷൻമാരും തമ്മിലുള്ള ഇടപെടലിന് സമൂഹം സ്‌പേസ് കൊടുക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. സ്‌കൂൾ കാലം മുതൽ പെൺകുട്ടികളെയും, ആൺകുട്ടികളെയും വെവ്വേറെ ഇരുത്തുന്ന സംസാരിക്കുന്നത് പോലും വിലക്കുന്ന സ്‌കൂളുകൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്’ ജൂഡ് പറയുന്നു.
വിദേശരാജ്യങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ സ്ത്രീകളോട് ആദ്യം ഇരിക്കൂ എന്ന് പറയുമ്പോൾ അതെന്തിനാണെന്ന് അവർക്ക് മനസിലാവില്ല. നമ്മൾ അവർക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത് അവരെ സംബന്ധിച്ച് ഇൻസൾട്ട് ചെയ്യുന്നത് പോലെയാണ്.’ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘നമ്മളും അവരും തുല്യരാണെന്നാണ് അവർ വിചാരിക്കുന്നത്. എന്റെ സിനിമകളിൽ ഒരിക്കലും പ്രധാന കഥാപാത്രം സ്ത്രീയാണോ പുരുഷനാണോ എന്ന് ചിന്തിക്കാറില്ല. കഥ നല്ലതാണോ അല്ലയോ എന്ന് മാത്രമാണ് പരിഗണിക്കേണ്ടത്’ മനോരമ ന്യൂസ് മേക്കർ വേദിയിൽ സംസാരിക്കവെ ജൂഡ് വ്യക്തമാക്കി.
കൂടാതെ എന്റെ സിനിമകളിലെ മറ്റ് ടെക്‌നിക്കൽ മേഖകളിൽ സ്ത്രീകൾ ഉണ്ടെങ്കിൽ പോലും എന്റെ അസിസ്‌റ്റന്റ് ഡയറക്‌ടർമാരായി ഒരിക്കലും സ്ത്രീകളെ വയ്ക്കാറില്ല. ഞാൻ അവരോട് ദേഷ്യപ്പെടുന്നത് അവർ ഏത് രീതിയിൽ എടുക്കുമെന്ന പേടികൊണ്ടാണ് അത്.’ ജൂഡ് ആന്റണി ജോസഫ് കൂട്ടിച്ചേർത്തു.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്‌ത സർവൈവൽ ചിത്രമായ 2018 ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, തുടങ്ങിയ വൻ താരനിര പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഹിറ്റായും മാറിയിരുന്നു. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ കയറിയ ചിത്രം കൂടിയാണിത്.