32.8 C
Kottayam
Friday, April 26, 2024

ഐക്യ ജനാധിപത്യമുന്നണി കെട്ടിപ്പടുത്ത കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയത്; പ്രതികരണവുമായി ജോസ് കെ മാണി

Must read

കോട്ടയം: ഐക്യ ജനാധിപത്യമുന്നണിയെ കെട്ടിപ്പടുത്ത കെ.എം. മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. കഴിഞ്ഞ 38 വര്‍ഷമായി യുഡിഎഫ് സംരക്ഷിച്ചുപോന്ന കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കാത്ത നിസാരമായ കാരണത്തിനാണ് യുഡിഎഫ് ജോസ് വിഭാഗത്തെ പുറത്താക്കിയത്. ഇത് ഒരു സ്ഥാനത്തിന്റെ പ്രശ്‌നമല്ലെന്നും നീതിയുടെ പ്രശ്‌നമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവയ്ക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് ധാരണ. രണ്ട് രാഷ്ട്രീയ പ്രസ്താനങ്ങളോ ഗ്രൂപ്പുകളോ വരുമ്പോള്‍ അവര്‍ ഒന്നിച്ചുനിന്ന് തീരുമാനിക്കുന്നതാണ് ധാരണ. അതോ ഒരു ഗ്രൂപ്പിന്റെ ആവശ്യപ്രകാരം അടിച്ചേല്‍പ്പിക്കുന്നതാണോ ധാരണയെന്നും അദ്ദേഹം ചോദിച്ചു.

ചൊവ്വാഴ്ച രാവിലെ പാര്‍ട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിനുശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ് ഇത്. അത് ആരുടെയും മുന്നില്‍ അടിയറവയ്ക്കില്ല. ഇത് നീതിയുടെ പ്രശ്‌നമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മാധ്യമങ്ങളിലൂടെയാണ് യുഡിഎഫ് തീരുമാനം അറിഞ്ഞത്. യുഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടിയാണ് തങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് തങ്ങള്‍ പറഞ്ഞിരുന്നു. താന്‍ പരാതിപ്പെട്ടിട്ട് യുഡിഎഫ് ഒരു നടപടിയും എടുത്തില്ല. തത്പരകക്ഷികള്‍ക്ക് മാത്രം നീതിയെന്നത് അനീതിയാണ്. തങ്ങളെ പുറത്താക്കുമെന്ന് പറയാന്‍ പിജെയ്ക്ക് ആര് അധികാരം കൊടുത്തുവെന്നും ഇത് രാഷ്ട്രീയ നീതി ആണോ എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളാണ് തങ്ങളുടെ മുന്നിലുള്ള സാധ്യതയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week