25.7 C
Kottayam
Tuesday, May 21, 2024

56ാം പിറന്നാള്‍ ആഘോഷിച്ച് ജോസഫ് വിഭാഗം, ജോസ് വിഭാഗം ആഘോഷിച്ചത് 55ാം പിറന്നാള്‍; കേരളാ കോണ്‍ഗ്രസ് ജന്മദിനാഘോഷത്തിലും പൊരുത്തക്കേട്

Must read

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയും തമ്മിലടിയും അങ്ങാടിപ്പാട്ടായിട്ട് കുറച്ച് കാലമായി. പാലായിലെ തോല്‍വിയില്‍ പരസ്പരം പഴിചാരി ജോസഫ്-ജോസ് വിഭാഗങ്ങള്‍ രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇത്തവണ കേരളാ കോണ്‍ഗ്രസിന്റെ ജന്മദിനമാണ് വില്ലനായിരിക്കുന്നത്. ജോസ് ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും പാര്‍ട്ടിയുടെ ജന്മദിനം കേക്കൊക്കെ മുറിച്ച് ഗംഭീരമായിത്തന്നെ ആഘോഷിച്ചു. പക്ഷേ, ചെറിയൊരു കുഴപ്പം പറ്റി. ജോസ് വിഭാഗം 55ആം പിറന്നാളും ജോസഫ് വിഭാഗം 56ആം പിറന്നാളുമാണ് ആഘോഷിച്ചത്. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിലാണ് ജോസ് വിഭാഗം പിറന്നാള്‍ ആഘോഷിച്ചത്. ജോസഫ് വിഭാഗത്തിന്റെ ആഘോഷ പരിപാടി റബര്‍ ഭവനിലായിരിന്നു.

വിഷയത്തില്‍ ജോസഫ് ജോസ് കെ മാണിക്ക് പക്വതയില്ലെന്ന പഴയ പല്ലവി ആവര്‍ത്തിക്കുകയാണ്. അതിപ്പോള്‍ തെളിഞ്ഞില്ലേ എന്നാണ് ജോസഫ് വിഭാഗത്തിന്റെ പരിഹാസം. എന്നാല്‍, പാര്‍ട്ടിക്ക് 55 വയസ്സേ ആയിട്ടുള്ളൂവെന്നും ജോസഫ് വിഭാഗം ഒരു വയസ്സു കൂട്ടിയതാണെന്നും ജോസ് വിഭാഗം പറയുന്നു. 1964 ഒക്ടോബര്‍ ഒന്‍പതിനാണ് കേരള കോണ്‍ഗ്രസിന്റെ ജനനം. ഒക്ടോബര്‍ ഒന്‍പത് എന്ന തിയതി കൂടി പരിഗണിച്ചാല്‍ ജോസഫ് വിഭാഗത്തിന്റെ കൂടെ നില്‍ക്കേണ്ടി വരും. 56 വയസ്സ്. വര്‍ഷം മാത്രം പരിഗണിച്ചാല്‍ ജോസ് വിഭാഗത്തിനൊപ്പവും നില്‍ക്കേണ്ടി വരും. 55 വയസ്സ്.

കേരള കോണ്‍ഗ്രസ് സ്ഥാപിക്കപ്പെടുമ്പോള്‍ കെഎം മാണി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് നടന്ന പാലാ തെരഞ്ഞെടുപ്പില്‍ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. മാണി കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതു മുതല്‍ കണക്കുകൂട്ടിയത് കൊണ്ടാണ് ജോസ് വിഭാഗത്തിന് ഒരു വയസ് കുറഞ്ഞതെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പരിഹാസം.

അതേസമയം, കഴിഞ്ഞ വര്‍ഷം പിജെ ജോസഫും കെഎം മാണിയും കൂടി ഒരുമിച്ച് ആഘോഷിച്ചത് 55ആം ജന്മദിനമായിരുന്നു. ഇന്നലെ രാവിലെ തന്റെ ഫേസ്ബുക്ക് പേജില്‍ ജോസ് കെ മാണി പോസ്റ്റ് ചെയ്തതും 56ആം ജന്മദിനം എന്നായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week