KeralaNews

എം.പി സ്ഥാനം രാജിവെയ്ക്കുന്നത് നിയമോപദേശം തേടിയശേഷമെന്ന് ജോസ് കെ മാണി

ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സ്ഥാനം രാജിവെയ്ക്കുന്നത് നിയമോപദേശം തേടിയശേഷമെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. എം.പി സ്ഥാനം ഉടന്‍ രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. അതേസമയം പാലാ സീറ്റ് സംബന്ധിച്ച് ഒരു ചര്‍ച്ചകളും ഇടതുമുന്നണിയില്‍ നടന്നിട്ടില്ലെന്നും, ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ് കെ. മാണി ഇന്ന് തന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു.

കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പി.കെ സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പി.ടി.ജോസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. ഗുജറാത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ നേടിയ എം.പി.സ്ഥാനം ജോസ് കെ.മാണി രാജിവെക്കാത്തതിനെ ചൊല്ലി വലിയ വിമര്‍ശനം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button