വി.കെ പ്രശാന്ത് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ ഫോട്ടോയാണെന്ന വിശദീകരണവുമായി ഉടമ. തനിക്ക് തെറ്റുപറ്റിയതാണ്. പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചതെന്ന് ജോമിച്ചന്‍ ജോസ് എന്ന ആള് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.
നമ്മുടെ സര്‍ക്കാര്‍ എന്ന കുറിപ്പോടെ വി.കെ പ്രശാന്ത് എം.എല്‍.എ പോസ്റ്റ് ചെയ്ത വീടിന്റെ ഫോട്ടോയ്ക്ക് കീഴെ സര്‍ക്കാര്‍ തന്ന വീടല്ല, കൂലിപ്പണിയെടുത്ത് നിര്‍മ്മിച്ചതാണെന്നും ഒന്നും അറിയാതെ പോസ്റ്റിടരുതെന്നുമായിരുന്നു ജോമിച്ചന്‍ ജോസ് കമന്റിട്ടത്. ഇതോടെ പ്രശാന്ത് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വി.കെ. പ്രശാന്തിന്റെ പോസ്റ്റിന് ഒരുപാട് പേര് ട്രോളുന്ന സാഹചര്യത്തിലാണ് ലൈവില്‍ വിശദീകരണവുമായി എത്തിയതെന്ന് ജോമിച്ചന്‍ ജോസ് പറയുന്നു. ദയവ് ചെയ്ത് കുത്തിപ്പൊക്കി ട്രോളാക്കരുത്. പഞ്ചായത്തിന്റെ പദ്ധതിയിലാണ് നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് കൂട്ടിചേർക്കുകയായിരുന്നു.
പോസ്റ്റ് കണ്ടപ്പോള്‍ പെട്ടെന്ന് പ്രതികരിച്ചത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും ജോമിച്ചന്‍ ജോസ് വിശദീകരിക്കുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മാക്സിമം ഷെയര്‍ ചെയ്യാനും ലൈവില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.