കോഴിക്കോട്: കൂടത്തായി സീരിയലിന്റെ സി.ഡി ലഭ്യമാക്കണമെന്ന ജോളിയുടെ അപേക്ഷയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയല്‍ തന്നേയും വീട്ടുകാരേയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് ജോളി കോടതിയെ സമീപിച്ചത്.
ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതിനാല്‍ സീരിയല്‍ കാണണമെന്നും സി.ഡി ലഭ്യമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷ പരിഗണിച്ചാണ് സീരിയല്‍ സംപ്രേഷണം ചെയ്ത ചാനല്‍ ഉള്‍പ്പടെ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചത്.
അതേസമയം സിലി വധക്കേസിലെ വിടുതല്‍ ഹര്‍ജിയിലും വാദം നടന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും വിശ്വസ്വനീയമല്ലെന്ന് ജോളിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ വാദിച്ചു. കൊല്ലപ്പെട്ടവരെല്ലാം ബന്ധുക്കളാണെന്നും അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും ഇത്തരമൊരു പൊലീസ് കണ്ടെത്തലിന് പ്രസക്തിയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
പ്രതി കുറ്റസമ്മതം നടത്തിയാല്‍ പോലും തെളിവുകള്‍ ഇല്ലെങ്കില്‍ ശിക്ഷിക്കാനാവില്ലെന്നായിരുന്നു ആളൂരിന്റെ വാദം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്ക് രണ്ടര മാസം ജോളിയെ കസ്റ്റഡിയില്‍ കിട്ടിയിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് ഫോറന്‍സിക് കെമിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തതെന്നും പ്രതിഭാഗം പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പര കേസുകള്‍ മെയ് 18 ന് വീണ്ടും പരിഗണിക്കും.