‘നായാട്ട്’ ചിത്രത്തിലെ ജോജു ജോര്‍ജ് അവതരിപ്പിച്ച മണിയന്‍ എന്ന പോലീസ് വേഷത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ജോജുവിന്റെ കരിയറിലെ നാല്‍പതാമത്തെ പോലീസ് വേഷമാണ് നായാട്ടിലേത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് 132 കിലോ ശരീരഭാരം ഉണ്ടായിരുന്നു എന്നാണ് ജോജു പറയുന്നത്.
മാത്രമല്ല ഇനി ശരീരഭാരം കുറച്ചിട്ട് മാത്രമേ മറ്റു മലയാള സിനിമകളില്‍ അഭിനയിക്കുകയുള്ളു എന്നാണ് ജോജു ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയതു കൊണ്ട് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കഴിക്കല്‍ നന്നായി കുറച്ചു. 132 കിലോയില്‍ നിന്ന് 100-105 കിലോയില്‍ ശരീരഭാരം എത്തിക്കാനാണു ശ്രമം. ശരീരഭാരം കുറച്ചിട്ടേ ഇനി മറ്റു മലയാള സിനിമകളില്‍ അഭിനയിക്കുന്നുള്ളൂ’ എന്നാണ് ജോജുവിന്റെ വാക്കുകള്‍.
അതേസമയം, കൊവിഡ് ലോക്ഡൗണിനിടെ 20 കിലോ ശരീരഭാരം കുറച്ച സന്തോഷം പങ്കുവച്ച് ജോജു എത്തിയിരുന്നു. മാര്‍ച്ച് 10 വയനാട് ആയുര്‍വേദ യോഗ വില്ലയില്‍ എത്തുമ്പോള്‍ 130 ആയിരുന്നു ജോജുവിന്റെ ശരീരഭാരം. അവിടുത്തെ ഡിസിപ്ലിനും ഡയറ്റും കണ്ടപ്പോള്‍ തിരിച്ചു പോകാമെന്ന് കരുതിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്നു.
ആയുര്‍വേദ യോഗ വില്ലയിലെ ഡോ. വിപിന്റെ കീഴിലായിരുന്നു ജോജുവിന്റെ ചികിത്സ. അദ്ദേഹം തന്റെ ജീവിതശൈലി മാറ്റി എന്നാണ് ഒരു അഭിമുഖത്തിനിടെ ജോജു പറഞ്ഞത്. താനൊന്നും നിര്‍ത്തിയിട്ടില്ല. എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോള്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയി എന്നാണ് അന്ന് ജോജു പറഞ്ഞത്.