EntertainmentKeralaNews

നടനായത് രണ്ടുവട്ടം,സി.എം.എസിന്റെ ചാമരം,ജീവിതവും സിനിമയും പറഞ്ഞ ജോണ്‍പോള്‍

കൊച്ചി: നൂറോളം തിരക്കഥകള്‍ എഴുതിയിട്ടുള്ള ജോണ്‍ പോള്‍ ക്യാമറയ്ക്കു മുന്നില്‍ മുഖം കാണിച്ചിട്ടുള്ളത് രണ്ടു തവണ മാത്രമാണ്. ആഷിഖ് അബു സംവിധാനം ചെയ്ത് 2014ല്‍ റിലീസ് ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലും ആന്റണി സോണി ഒരുക്കിയ കെയര്‍ ഓഫ് സേറ ബാനു(2017)ലും. വിദൂരമായ സ്വപ്നങ്ങളില്‍ പോലും ഒരു അഭിനേതാവായി തന്നെ കണ്ടിട്ടില്ലെന്നാണ് ജോണ്‍ പോള്‍ പറഞ്ഞിരുന്നത്. ആഷിക്ക് അബു നിര്‍ബന്ധിച്ചാണ് ഗ്യാങ്സ്റ്ററില്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിങ്ങനെ

എങ്ങനെ ജോണ്‍ പോള്‍ അഭിനേതാവായി

തിരക്കഥാകൃത്തുക്കള്‍ അഭിനയിക്കുന്നു എന്നു പറയുന്നത് പണ്ടും സംഭവിച്ചിട്ടുള്ള കാര്യമാണ്. തോപ്പില്‍ഭാസി ഒരുപാട് നാടകങ്ങളിലും സിനിമകളിലും അഭിനയിച്ച ആളാണ്. രണ്‍ജി പണിക്കര്‍ താന്‍ തിരക്കഥ എഴുതുന്ന മിക്കവാറും എല്ലാ ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നയാളാണ്. ലാല്‍ ജോസ്, ഫാസില്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ആ വഴിക്കൊന്നും ചിന്തിച്ചിട്ടില്ലാത്ത ഒരാളാണ് ഞാന്‍. അഭിനയത്തെക്കുറിച്ച് എനിക്കൊന്നും പറയാന്‍ അറിയാത്ത ഒരാളാണ്. അഭിനയത്തെക്കുറിച്ച് സൈദ്ധാന്തിക തലത്തില്‍ ഞാന്‍ പലതും മനസ്സിലാക്കിയിട്ടുണ്ട് പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഭിനയത്തെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുള്ള വിശദീകരണങ്ങളില്‍ ഒന്ന് അതൊരു സ്പിരിച്വല്‍ പ്രത്യയശാസ്ത്രമാണ്. അത് ആത്മാവ് കൊണ്ട് അര്‍പ്പിക്കേണ്ട ഒന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നു മാത്രം. അതില്‍ കൂടുതല്‍ ഒന്നുമില്ല. അത് എനിക്ക് വളരെ പ്രിയപ്പെട്ട ആഷിക്ക് അബു അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ അദ്ദേഹം സങ്കല്‍പിച്ച കഥാപാത്രത്തിന് എന്റെ ഒരു ശരീരഭാഷ ആയത് കൊണ്ട് എന്നെ വളരെയധികം നിര്‍ബന്ധിച്ചാണ് ആ ചിത്രം ചെയ്തത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്നാണ്. അദ്ദേഹം എന്നോട് പറഞ്ഞത് സാര്‍ അതാണ് ഏറ്റവും പ്രധാനം. സാറിന് അഭിനയിക്കാന്‍ അറിയില്ല എന്ന സത്യം സാറിനറിയാം. അതറിയാതെ തങ്ങള്‍ക്ക് അഭിനയിക്കാന്‍ അറിയാതിരിക്കുകയും അഭിനയിക്കാനറിയാം എന്ന് തെറ്റിദ്ധരിച്ച് വന്നവരാണ് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഒരുപാട് പ്രശ്‌നം ഉണ്ടാക്കുന്നത്. സാര്‍ അഭിനയിക്കേണ്ട you just behave the way you feel like, എന്റെ കഥാപാത്രത്തിന് അത് ഇണങ്ങുമെന്നുള്ള വിശ്വാസത്തിലാണ് അതുകൊണ്ട് അത് അഭിനയമാണെന്ന് അവകാശപ്പെടാമോ എന്ന് എനിക്കറിയില്ല.

ആ കഥാപാത്രമായിട്ട് അയാള്‍ പറയുന്ന രീതിയില്‍ ആ സംഭാഷണങ്ങള്‍ പറഞ്ഞു കൊണ്ട് ഞാനയാളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയനായി നിന്നു എന്നല്ലാതെ അതൊരു അഭിനേതാവിന്റെ തിരപുറപ്പാടാണെന്നുള്ള തെറ്റിദ്ധാരണയൊന്നും എനിക്കില്ല. രണ്ടാമതൊരു ചിത്രത്തെക്കുറിച്ച് ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്തെങ്കിലും സാധ്യതകള്‍ തേടി വരുകയാണെങ്കില്‍ കഴിയുന്നതും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കും. കാരണം ഞാന്‍ ഇപ്പോഴും ഇതിന്റെ പുറകില്‍ നിന്നു ചെയ്യാവുന്ന കാര്യങ്ങളിലേ മനസ്സ് അര്‍പ്പിച്ചിട്ടുള്ളൂ. വിദൂരമായ സ്വപ്നങ്ങളില്‍ പോലും ഒരു അഭിനേതാവായി ഞാന്‍ എന്നെ കണ്ടിട്ടില്ല. ഇപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.

തിരക്കഥാകൃത്തിന്റെ സ്ഥാനം എവിടെ?

ഒരു കാലഘട്ടത്തില്‍ അങ്ങനെയൊരു സംഭവമേ മലയാള സിനിമയില്‍ ഇല്ലായിരുന്നല്ലോ. ചെമ്മീന്‍ സിനിമയില്‍ അതിന്റെ തിരക്കഥാകൃത്തിന്റെ പേരില്ല. സംവിധായകന്റെ ഒരു ലാവണത്തിന്റെ ഒരു ഭാഗമായിരുന്നു ഈ തിരക്കഥാ രചന മലയാളിയെ സംബന്ധിച്ചിടത്തോളം. തോപ്പില്‍ ഭാസിയും എസ്എല്‍പുരം സദാനന്ദനും ഒക്കെ എഴുതുമ്പോഴുമൊക്കെ ആ ഒരു ഘട്ടമാണ് തുടര്‍ന്നു വന്നത്. പിന്നീട് ഇവരുടെയെല്ലാം വിഖ്യാതങ്ങളായ നാടകങ്ങള്‍ ചലച്ചിത്രങ്ങളായപ്പോഴാണ് ഇവരുടെ നാടകവേദിയിലെ സ്റ്റാര്‍ഡം സിനിമ പ്രയോജനപ്പെടുത്തിയത്. തിരക്കഥാകാരന് ആദ്യത്തെ അന്തസ്സുള്ള കസേര സ്വന്തമാക്കി കൊടുത്തത് എംടി വാസുദേവന്‍ നായരാണ്. അതിന് കൂടുതല്‍ വിലയുണ്ടാക്കി കൊടുത്തത് പദ്മരാജനാണ്.

പിന്നീട് കുറേക്കാലം കഴിഞ്ഞതോടു കൂടി സ്റ്റാര്‍ഡത്തിന് അമിതമായ പ്രാധാന്യം വന്നു. പണ്ട് മഞ്ഞിലാസിന്റെ ഒരു പടം എന്നു പറഞ്ഞു കഴിഞ്ഞാല്‍ ആരു ഡയറക്ട് ചെയ്യുന്നു എന്നു പോലും നോക്കാതെ ആളുകള്‍ പോയി കാണുമായിരുന്നു. വയലാര്‍ -ദേവരാജന്‍- കുഞ്ചാക്കോ എന്നു മാത്രം വച്ചാല്‍ ആര് അഭിനയിക്കുന്നു എന്നു അന്വേഷിക്കില്ലായിരുന്നു. അത്തരം ബ്രാന്‍ഡ് മാറിയ േശഷം സംവിധായകരുടെയും എഴുത്തുകാരുടെയും പേരിലുള്ള ബ്രാന്‍ഡുകള്‍ വരാന്‍ തുടങ്ങി. അത് കഴിഞ്ഞ് ബ്രാന്‍ഡിങ്ങിന്റെ കള്‍ച്ചര്‍ എന്നു പറയുന്നത് താരാധിഷ്ഠിതമായി.

അപ്പോള്‍ ആരു ഡയറക്ട്‌ െചയ്യുന്നു എന്നത് റെലവന്റല്ലാതായി. വളരെ കുറച്ചു ഡയറക്ടേഴ്‌സിനെ ആ ഒഴുക്കില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. അങ്ങനെ നിന്നവരുടെ കൂട്ടത്തിലാണ് ഫാസിലിനെയും ഭരതനെയും ഹരിഹരനെയും കാണുന്നത്. ആ സമയത്ത് ഒരുപാട് എഴുത്തുകാര്‍ രംഗത്തു വരികയും െചയ്തു അവര്‍ക്ക് ഇടം കിട്ടാതെ പോയത് അവരുടെ ഭാഗത്തു നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍ കുറഞ്ഞു പോയതു കൊണ്ടല്ല. അവരുടെ ഇടങ്ങള്‍ കൂടി ഈ സിംഹാസനങ്ങള്‍ക്കു വേണ്ടി പകുത്തു മാറ്റപ്പെട്ടു കഴിഞ്ഞപ്പോഴുണ്ടായ സ്വാഭാവികമായ സംഭവമാണത്. പിന്നീട് വന്ന് വന്ന് ഇപ്പോള്‍ സിനിമയില്‍ എഴുത്തുകാര്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല എന്നുള്ളത് സത്യമാണ്. അത് മനഃപൂര്‍വം ഒഴിവാക്കുന്നതാവില്ല. സിനിമയുടെ രീതികള്‍ മാറുന്നതിന്റെ വിപണന തന്ത്രങ്ങള്‍ മാറുന്നതിന്റെ ഭാഗമാണ്.

അവാര്‍ഡുകള്‍ എന്നെ വശീകരിച്ചിട്ടില്ല

അവാര്‍ഡുകള്‍ എന്നെ വശീകരിച്ചിട്ടില്ല. കിട്ടാമായിരുന്ന പല ചിത്രങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴും നിങ്ങളെന്തുകൊണ്ടാണ് ഓര്‍മയ്ക്കായി എന്ന ചിത്രം ഓര്‍ക്കുന്നത് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം ഒരു അംഗീകാരവും കിട്ടിയിട്ടില്ല. പക്ഷേ ഞാന്‍ എവിടെ ചെന്നാലും ആളുകള്‍ ഓര്‍ക്കുന്ന ചിത്രമാണ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. അവാര്‍ഡ് കിട്ടാത്തത് ആരെങ്കിലും മനഃപൂര്‍വം ശ്രമിച്ചിട്ടാണെന്നുള്ള തെറ്റിദ്ധാരണയില്ല. ഞാന്‍ രണ്ടു മൂന്നു പ്രാവശ്യം അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്നിട്ടുള്ള ആളാണ്. അവരുടെ മുമ്പില്‍ വരുന്ന ചിത്രങ്ങള്‍ ആ അവാര്‍ഡ് ജൂറിക്ക് ഒരു കെമിസ്ട്രി ഉണ്ട് അതിന്റെ ഒരു സമീപനത്തിന്റെ അളവ് അളന്നു വരുമ്പോള്‍ അതിനേക്കാള്‍ കൂടുതല്‍ പ്രാമുഖ്യം മറ്റൊരു ചിത്രത്തിനു ലഭിച്ചിട്ടുണ്ടാകും. മലയാള സിനിമയില്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ആദ്യമായി ഏര്‍പ്പെടുത്തിയ വര്‍ഷം ഏറ്റവും മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് കുമാരസംഭവം ആണ്. ആ വര്‍ഷം പല നല്ല ചിത്രങ്ങളും ഉണ്ടായിരുന്നിട്ടും കിട്ടിയത് കുമാരസംഭവത്തിനാണ്. ഇതൊക്കെ സ്വാഭാവികമായിട്ട് സംഭവിക്കാവുന്ന കാര്യമാണ്.

ചാമരം മുതല്‍ ക്ലാസ്‌മേറ്റ്‌സ് വരെ ക്യാംപസ്

ക്യാംപസിലെ രൂപമാതൃകകളില്‍ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് മനസ്സിന്റെ സഞ്ചാര വേഗം മാറുന്നു. പക്ഷേ ക്യാംപസിന്റെ യുവത്വത്തെ നയിക്കുന്ന കോര്‍ഡ്‌സ്, കമ്പനങ്ങള്‍ ഉണ്ട്. അതിന്റെ അടിസ്ഥാന സ്ഥായി അതിന്റെ ശ്രുതി എന്നും ഒന്നു തന്നെയാണ്. പലതിനെയും ചോദ്യം ചെയ്യാനുള്ള അതിരു കവിഞ്ഞ വാസന അറിയപ്പെടാത്ത പലതും അറിഞ്ഞെടുക്കപ്പെടാനുള്ള അഭിവാഞ്ഛ. അതോടൊപ്പം നിഗൂഢതകളുടെ പുറകെയുള്ള മാസ്മരികമായ ഒരാകര്‍ഷണം ഇതൊക്കെ അടിസ്ഥാന ചോദനകളാണ് ഇതില്‍ യാതൊരു മാറ്റങ്ങളും ഇല്ല.

ലാല്‍ ജോസ് എന്നോട് പറഞ്ഞത് സിഎംഎസ് കോളജിന്റെ പെര്‍മിഷന്‍ കിട്ടുന്നില്ല എങ്കില്‍ ഞാനീ പടം ഷൂട്ട് ചെയ്യില്ല എന്നാണ്. കാരണം ചാമരം കണ്ടപ്പോള്‍ സിഎംഎസിനോടു തോന്നിയ അഗാധമായൊരു പ്രണയം ഉണ്ട്. ഇന്നും സിഎംഎസില്‍ ചാമരം വഴികളുണ്ട്. ചാമരം പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളുണ്ട് പ്രണയവഴികളുണ്ട്. അതെല്ലാ ക്യാംപസിലും ഉണ്ട് 50 വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ ക്യാംപസുകള്‍ക്കും അത്തരത്തിലുള്ള പ്രണയത്തിന്റെ സ്തൂപങ്ങള്‍ സ്വന്തമായുണ്ട്. മഹാരാജാസിന്റെ മുത്തശ്ശി മരങ്ങളുടെ ചോട്ടില്‍ ആയിരക്കണക്കിന് പ്രണയ ജോഡികളുടെ വിതുമ്പലുകളും തേങ്ങലുകളും സ്വപ്നങ്ങളും കിനാവുകളും നൃത്തം വയ്ക്കുന്നതിപ്പോഴും നമുക്ക് കാണാന്‍ കഴിയും.

ചാമരത്തിലെ പല കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും എന്റെ ക്യാംപസ് ജീവിതത്തിലെ എനിക്ക് വളരെ പരിചിതരായിട്ടുള്ള എന്റെ സഹപാഠികളാണ്. നെടുമുടി വേണുവിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് കിട്ടുന്ന ഫാദര്‍ നെടുമുടി എന്ന കഥാപാത്രം ബിഎയ്ക്ക് എന്നോടൊപ്പം പഠിച്ചിരുന്ന ഒരു വൈദികനാണ്. അദ്ദേഹത്തിനറിഞ്ഞുകൂടാ ഞാന്‍ അദ്ദേഹത്തെയാണ് കാരിക്കേച്ചര്‍ ചെയ്തത് എന്ന്. എന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് അതെഴുതിയിട്ടുള്ളത്. ബാലകൃഷ്ണന്‍ മങ്ങാടിന്റെ നോവലിലെ കഥയുടെ ചില അംശങ്ങള്‍ മാത്രമാണ് ഇതിന്റെ ഘടനയ്ക്കു വേണ്ടി ഉപയോഗിച്ചത്. ആ റോ എക്‌സ്പീരിയന്‍സ് ഇന്നത്തെ കാലഘട്ടത്തില്‍ അവതരിപ്പിക്കുമ്പോഴും അതിനു നമുക്കു നല്‍കാന്‍ കഴിയുന്ന ആടയാഭരണങ്ങളോ അലങ്കാരത്തിന്റെ കൊലുസുകളിലോ മാത്രമേ വ്യത്യാസം വരുന്നുള്ളൂ. മനസ്സിന്റെ തുടിപ്പ് അല്ലെങ്കില്‍ കമ്പനം എന്നു പറയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button