തിരുവനന്തപുരം:ലോക്ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികളെ നിര്‍ബന്ധിച്ച് രാജികത്ത് എഴുതി വാങ്ങുന്നു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ടെക്‌സ്‌പോര്‍ട് എക്‌സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തൊഴില്‍ നിയമങ്ങള്‍ ഒന്നും പാലിക്കാതെ തൊഴിലാളികളെ നിര്‍ബന്ധിച്ച് ഈ ലോക്ഡൗണ്‍ കാലത്ത് രാജിക്കത്ത് എഴുതി വാങ്ങുന്നത്.
പരിമിതമായ കൂലിക്കു ജോലി എടുക്കുന്ന നിരാലംബരായ സ്ത്രീ തൊഴിലാളികളെയാണ് കമ്പനി മാനേജ്‌മെന്റ് ഭീഷണപ്പെടുത്തി രാജിക്കത്ത് എഴുതി വാങ്ങുന്നത്. കമ്പനിയില്‍ വരുന്നവരെ പത്തു മിനിറ്റിനുള്ളില്‍ രാജികത്തു എഴുതി നല്‍കിയില്ലെങ്കില്‍ ആനുകൂല്ല്യങ്ങള്‍ ഒന്നും നല്‍കില്ലെന്നും ഈ മാസം പതിനഞ്ചു ശേഷം കമ്പനി പൂര്‍ണ്ണമായും പൂട്ടി പോകുകയാണെന്നും ഭീഷണിപ്പെടുത്തിയാണ് രാജികത്ത് എഴുതി വാങ്ങുന്നത്.
ഫാക്ടറി പൂട്ടി പോകുമ്പോള്‍ ലോക്ഔട്ട് നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്കു നല്‍കാതിരിക്കുന്നതിനു വേണ്ടിയാണ് നിര്‍ബന്ധിച്ച് രാജികത്ത് എഴുതി വാങ്ങുന്നത്. തൊഴില്‍ നിയമത്തില്‍ അജ്ഞരായ തൊഴിലാളികള്‍ ഭീഷണിക്കു വഴങ്ങുന്നതായി ആണ് അറിയുന്നത്.
കമ്പനിയിൽ തൊഴിലാളികൾക്ക് യൂണിയൻ ഇല്ലാത്തതു കാരണം മാനേജ്മെന്റിന്റെ ഈ ചൂഷണം ചോദ്യം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫാക്ടറിക്കുള്ളിലുള്ള മെഷിനുകള്‍ എല്ലാം ഹൈദരാബാദിലേക്ക് അയക്കുന്നതിനായി പാക്കു ചെയ്തു വച്ചിരിക്കുകയാണ്. ബാക്കി ഉണ്ടായിരുന്ന തുണി കഴിഞ്ഞ ആഴ്ചയില്‍ തന്നെ ബാഗ്ലൂരിലേക്ക് അയച്ചു.
ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ ഒരു യൂണിറ്റാണ് പത്തു വര്‍ഷത്തിലധികമായി തിരുവനന്തപുരത്ത് കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ കൂടാതെ ഇരുനൂറിലിധികം അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ 1200 ഓളം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കിന്‍ഫ്ര ഹോസ്റ്റലില്‍ താമസിക്കുന്ന സ്ത്രീ തൊഴിലാളികളെയും നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതായും അറിയുന്നു.
വര്‍ഷങ്ങളായി ലാഭത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും വര്‍ഷംതോറും നൂറു കോടിയോളം രൂപ വിദേശവിനിമയത്തില്‍ തിരുവനന്തപുരത്തെ യൂണിറ്റില്‍ നിന്നും മാത്രം നേടുന്നകമ്പനി, രാജ്യത്തെ ആദ്യ പത്തു ഗാര്‍മെന്റ്‌സ് എക്‌സപോര്‍മാരില്‍ ഒന്നുമാണ്.
കമ്പനിയുടെ തലപ്പത്തുള്ള തര്‍ക്കമാണ് തിരുവനന്തപുരത്തെ യൂണിറ്റ് ഹൈദരാബാദിനടുത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ഉള്ള തീരുമാനമെന്നാണ് അറിയുന്നത്.