തിരുവനന്തപുരം: ഏറെ വിവാദമായ ജസ്ന കേസില്‍ പുനരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ജസ്നയുടെ പിതാവ് കൈമാറിയാല്‍ അതിന്മേല്‍ അന്വേഷണത്തിന് തയ്യാറാണെന്നും സി.ബി.ഐ. വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വിശദമായ വാദം കേട്ട് ഇന്നത്തേക്ക് വിധി പറയാനായി മാറ്റിയിരുന്നു. കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് തുടരന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.ഐ. കോടതിയെ അറിയിച്ചത്.
കേസില്‍ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണം. അടുത്ത മാസം മൂന്നാം തീയതി കേസ് വീണ്ടും കോടതി പരിഗണിക്കും. അന്നേ ദിവസം രേഖകളും തെളിവുകളും കോടതിയില്‍ ഹാജരാക്കണമെന്നും സി.ബി.ഐ. നിര്‍ദേശിച്ചു. തെളിവുകള്‍ പരിശോധിച്ചതിന് ശേഷം ആവശ്യമെങ്കില്‍ തുടരന്വേഷണം നടത്തുമെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.
കേസില്‍ ജസ്നയുടെ പിതാവ് ജെയിംസിന്റെ വാദങ്ങള്‍ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ. തള്ളിക്കളഞ്ഞിരുന്നു. ചില പ്രധാന കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിച്ചിട്ടില്ലെന്നും കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തിയിരുന്നില്ലെന്നും ജെയിംസ് വാദിച്ചിരുന്നു. മാത്രമല്ല, ജസ്നയുടെ രക്തം പുരണ്ട വസ്ത്രം സംബന്ധിച്ച് അന്വേഷണം നടന്നില്ലെന്നും വാദിച്ചു.
എന്നാല്‍, ജെയിംസിന്റെ വാദങ്ങള്‍ സിബിഐ തള്ളി. ജസ്ന ഗര്‍ഭിണിയായിരുന്നില്ലെന്നും രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ജസ്ന ജീവിച്ചിരിക്കുന്നുണ്ടെന്നോ മരിച്ചുവെന്നതിനോ തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ ജെയിംസ് നല്‍കിയ തടസ്സ ഹര്‍ജി പരിഗണിച്ചാണ് തുടരന്വേഷണമെന്ന ആവശ്യത്തില്‍ പല തവണ വാദം കേട്ടത്.
കേസില്‍ തുടരന്വേഷണത്തിന് സിബിഐ സന്നദ്ധമായതോടെ ഒരിടവേളയ്ക്ക് ശേഷം കേസ് വീണ്ടും സജീവമാകുകയാണ്. മെയ് അഞ്ചിന് കോടതി ഇക്കാര്യത്തില്‍ വിധി പറയും. മൂന്നിന് കോടതി കേസ് വിളിക്കുമ്പോള്‍ തെളിവുകളും രേഖകളും ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.