തിരുവനന്തപുരം:സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുന്നത് വിവാദമാകുന്നതിൽ വേദനയുണ്ടെന്ന് സംവിധായകൻ ജിയോ ബേബി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാതൽ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയും, ഐഎഫ്എഫ്കെയിൽ ഉൾപ്പെടെ നിറഞ്ഞ സദസിന് മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ജിയോയുടെ പ്രതികരണം.
വിവാദങ്ങളോടൊന്നും പ്രതികരിക്കാനില്ലെന്നും, മറുപടികള്‍ ചര്‍ച്ചയാകുന്നുവെന്നും ജിയോ ബേബി പറയുന്നു. വാക്കുകള്‍ പ്രശ്‌നബാധിതമാകുന്നത് ചുറ്റുമുള്ള മനുഷ്യരെ ബാധിക്കും. കുടുംബങ്ങളിലേക്കുകൂടി അവയെത്തുന്നത് ആരോഗ്യപരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്തിന്റെ പ്രസ്‌താവനയിലും ജിയോ മറുപടി നൽകി.
കാതൽ സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിനാണ് ജിയോ മറുപടി നൽകിയത്. രഞ്ജിത് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ജിയോ പ്രതികരിച്ചു. ഒരു അഭിമുഖത്തില്‍ ഡോ. ബിജുവിന്റെ ചിത്രങ്ങളുമായി ജിയോ ബേബിയുടെ ‘കാതല്‍’ എന്ന സിനിമയെ രഞ്ജിത് താരതമ്യം ചെയ്‌തിരുന്നു. സംസ്ഥാന പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള സിനിമയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും, മുന്നോട്ടുള്ള നടപടികള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. തൊട്ടടുത്ത തിയേറ്ററില്‍ നിന്ന് കാണാന്‍ കഴിയുന്ന ചിത്രം മേളയിലെ തിരക്കില്‍ വന്നു കണ്ട പ്രേക്ഷകര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിയോ പറഞ്ഞു.
പ്രദർശനവേളയിൽ സീറ്റ് കിട്ടാതെ പലരും ബഹളമുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമെത്തിയ ഡെലിഗേറ്റുകള്‍ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് അറിയിച്ചത്. മലയാളത്തില്‍ മാത്രമേ ഇത്തരം ശക്തമായ പ്രമേയങ്ങളുണ്ടാകൂയെന്നാണ് അവര്‍ പറഞ്ഞതെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ‘കാതൽ- ദി കോർ’ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കൂടിയാണിത്.
സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി, ആർഎസ് പണിക്കർ തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ഒരു പതിറ്റാണ്ടിന് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം ഐഎഫ്എഫ്കെയിൽ ഉൾപ്പെടെ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്.