കൊച്ചി: തനിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ലൈംഗികാരോപണം ഉയര്‍ന്നപ്പോഴും കേസെടുത്തപ്പോഴുമെല്ലാം ജയസൂര്യ വിദേശത്തായിരുന്നു. അതിനാല്‍ തന്നെ എഫ് ഐ ആര്‍ കണ്ടിട്ടില്ല എന്നും സെപ്തംബര്‍ 18 ന് നാട്ടിലേക്ക് മടങ്ങിയെത്തും എന്നും ജയസൂര്യ പറയുന്നു.
പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പടെ വൈരുധ്യമുണ്ട് എന്നാണ് ജയസൂര്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഐ പി സി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ് ഐ ആര്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടി. തന്നെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്ന എന്നത് പരിഗണിച്ച് ജാമ്യം അനുവദിക്കണം എന്നാണ് താരത്തിന്റെ അപേക്ഷ.
2013 ല്‍ ജയസൂര്യ നായകനായ 'പിഗ്മാന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ശുചിമുറിയില്‍ പോയി വരും വഴി ജയസൂര്യ കടന്നുപിടിച്ചു എന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ നടി പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. സിനിമയിലെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് നടി മൊഴി നല്‍കിയിരുന്നത്.
സംഭവം നടന്ന കൂത്താട്ടുകുളത്തെ പന്നിഫാമില്‍ പ്രത്യേക അന്വേഷണ സംഘം നടിയെ കൊണ്ടുപോയി തെളിവെടുക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം തനിക്കെതിരായ പരാതി തള്ളി നേരത്തെ ജയസൂര്യ രംഗത്തെത്തിയിരുന്നു. തനിക്ക് നേരെ ഉയരുന്നത് വ്യാജപീഡന ആരോപണമാണെന്നും അത് തന്നെ തകര്‍ത്തുവെന്നും ജയസൂര്യ പറഞ്ഞിരുന്നു. നിയമ വിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ള തന്റെ നിയമ പോരാട്ടം തുടരുമെന്നും ജയസൂര്യ പറഞ്ഞിരുന്നു.
'ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്ക് നേരെയും എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരി പോലും ബാക്കിയുണ്ടാവരുതെന്നോയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയായിരിക്കും എന്നാണല്ലോ,' എന്നായിരുന്നു ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.