തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന് തമ്പിയുടെ കൊലപാതകത്തില്‍ മകന് അശ്വിന്റെ മൊഴി പുറത്ത്. തുടര്‍ച്ചയായി 10 ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചു എന്നും മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിനു കാരണമെന്നും അശ്വിന് പോലീസിനോട് പറഞ്ഞു. നാലു ദിവസം അശ്വിന് തുടരെ മദ്യപിച്ചിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ച്ചയായ 10 ദിവസം അശ്വിനും ജയമോഹനും ഒരുമിച്ചിരുന്ന് മദ്യപിച്ചു എന്നും പോലീസ് പറയുന്നു.
ശനിയാഴ്ച രാവിലെ 11 മണി വരെ ജയമോഹന് തമ്പിയെയും മകന് അശ്വിനെയും അയല്‍വാസികള്‍ കണ്ടിരുന്നു. അശ്വിനും ജയമോഹനും അശ്വിന്റെ രണ്ട് സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനു ശേഷമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യം വാങ്ങുന്നതിനായി തന്റെ എടിഎം കാര്‍ഡുകളും മറ്റും ജയമോഹന് മകനോട് ഏല്പിച്ചിരിക്കുകയായിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ നല്കാന് അശ്വിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് ജയമോഹന് തമ്പിയെ മൂക്കിനിടിച്ച് താഴെ വീഴ്ത്തി. എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ച് തള്ളിയിട്ടു. ഇങ്ങനെ മരണം സംഭവിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
അതേസമയം, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. നെറ്റിയിലും തലയുടെ പിന്‍ഭാഗത്തും ഏറ്റ മുറിവുകളും മൂക്കെല്ലിനുണ്ടായ ഗുരുതര പരുക്കും എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി കൃത്യമായ വിവരമില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടക്കുകയാണ്.
ഇവിടെ സ്ഥിരമായി മദ്യപാനം നടക്കാറുണ്ടായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ശനിയാഴ്ച കൊലപാതകം നടന്നെങ്കിലും തിങ്കളാഴ്ച ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് പൊലീസിനെ അറിയിച്ചത്. ജയമോഹന് തമ്പിയുടെ കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ മാലയും കാണാനില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുകയാണ്.