മാരാരിക്കുളം: വീട്ടിലോ കടയിലോ എത്തി ലോട്ടറി എടുത്ത് മടങ്ങുന്ന 55 കാരനായ ജയനെ ഇന്നലെ എങ്ങും കണ്ടില്ല. ഒടുവില്‍ ജയനെ തേടിപ്പിടിച്ച് സമാനപ്രായക്കാരനായ രാജന്‍ ഏല്‍പ്പിച്ച ലോട്ടറിക്ക് ഒന്നാം സമ്മാനവും. ഭാഗ്യം തേടിയെത്തുക എന്നു പറയുന്നത് ഇതാണ്. 75 ലക്ഷം രൂപയാണ് രാജന്റെ സ്നേഹത്തില്‍ ജയന് കൈവന്നത്.
ചൊവ്വാഴ്ച നറുക്കെടുപ്പു നടന്ന സ്ത്രീശക്തി ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമാണ് മായിത്തറ പ്ലാക്കുഴിയില്‍ ജയനു ലഭിച്ചത്. ചേര്‍ത്തല സെയ്ന്റ് മൈക്കിള്‍സ് കോളേജിനു സമീപം പലചരക്കു കച്ചവടം നടത്തുന്ന ജയന്‍ സ്ഥിരമായി ഭാഗ്യക്കുറി എടുക്കും. മരുത്തോര്‍വട്ടം പള്ളിക്കവല സ്വദേശി രാജനാണു നല്‍കുന്നത്.
സാധാരണ രാജന്റെ വീട്ടിലോ കടയിലോ എത്തിയാണ് ടിക്കറ്റ് നല്‍കുന്നത്. ചൊവ്വാഴ്ച ജയനെ അന്വേഷിച്ചു രണ്ടുതവണ ചെന്നെങ്കിലും കാണാന്‍ സാധിച്ചില്ല. അന്വേഷിച്ചപ്പോള്‍ മായിത്തറയില്‍ ഫോണ്‍ റീ ചാര്‍ജു ചെയ്യാന്‍ പോയതായി അറിഞ്ഞു. രാജന്‍ സൈക്കിളില്‍ മായിത്തറയിലേക്കു വിട്ടു. ജുവനൈല്‍ ഹോമിനു സമീപത്ത് ജയനെ കണ്ടപ്പോള്‍ ടിക്കറ്റ് കൈമാറുകയായിരുന്നു. കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്ന രാജനു ഹൃദ്രോഗം വന്നപ്പോഴാണു രണ്ടുവര്‍ഷം മുന്‍പ് ഭാഗ്യക്കുറി വില്പന തുടങ്ങിയത്.
ഹൃദയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചെങ്കിലും പണമില്ലാത്തതിനാലാണ് ശസ്ത്രക്രിയ നീട്ടിവെട്ടത്. കമ്മിഷന്‍ തുക കിട്ടുമ്പോള്‍ ഇതു ചെയ്യാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. സമ്മാനത്തുക ഉപയോഗിച്ച് ആദ്യം അനന്തരവളുടെ വിവാഹം നടത്തുമെന്ന് ജയന്‍ പറഞ്ഞു. സഹോദരിയുടെ ഭര്‍ത്താവ് മരിച്ചതിനാല്‍ ആരും സഹായത്തിനില്ല. ജയന്റെ ഭാര്യ വത്സല കര്‍ഷകത്തൊഴിലാളിയാണ്. മക്കള്‍: മണികണ്ഠന്‍, ശബരിനാഥ്.