തിരുവനന്തപുരം: മൈസൂരുവില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്പസിനു പുറത്ത് പോകുന്നത് വിലക്കിയ മൈസൂര്‍ സര്‍വ്വകലാശാലയുടെ പ്രസ്താവനയ്ക്കെതിരെ വന്‍ വിമര്‍ശനമാണുയരുന്നത്. പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് കൊണ്ടാണ് ആണ്‍കുട്ടികള്‍ അവരെ പീഡിപ്പിക്കുന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു സര്‍വകലാശാല നടത്തുന്നത് ഇന്നത്തെ കാലത്തിനു അനുയോജ്യമല്ലെന്നാണ് ഉയരുന്ന വിമര്‍ശനം. ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയും സമാന അഭിപ്രായമാണ് നടത്തുന്നത്.
പീഡിപ്പിക്കാന്‍ മുട്ടി നിക്കണ ആണ്‍കുട്ടികളാണേല്‍ അവരെ വീട്ടില് കെട്ടിയിട്ടാ പോരെ എന്നാണു ജസ്ല പരിഹാസരൂപേണ ചോദിക്കുന്നത്. മൈസൂരു പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കര്‍ശന നടപടികള്‍ കേട്ട് തനിക്ക് വെറുപ്പുണ്ടാകുന്നുവെന്നും ജസ്ല പറയുന്നു. നമ്മുടെ നാടിനു നേരം വെളുത്തിട്ടില്ലെന്നും ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.
ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങരുതത്രേ…
അതെന്താ??
ആണ്‍കുട്ടികള്‍ നമ്മളെ പീഡിപ്പിക്കുമെന്ന്. അങ്ങനെ പീഡിപ്പിക്കാന്‍ മുട്ടി നിക്കണ ആണ്‍കുട്ടികളാണേല്‍ അവരെ വീട്ടില് കെട്ടിയിട്ടാ പോരെ…??
അങ്ങനെയൊന്നും ചോദിക്കരുത്..കുട്ടീ. ഇത് ഇത് നമ്മുടെ നാടാണ്. നേരം വെളുത്തിട്ടില്ല…ഇവിടെയിങ്ങനാണ് കുഞ്ഞെ. മൈസുരു പീഡനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കര്‍ശന നടപടികള്‍ കേട്ട് വെറുപ്പുണ്ടാകുന്നതെനിക്ക് മാത്രമാണോ?