ദോഹ:മനോഹരമായി കളിച്ചുവെന്ന് പറഞ്ഞാലും എത്ര തവണ എതിര്‍ ഗോള്‍മുഖം വിറപ്പിച്ചുവെന്ന് പറഞ്ഞാലും ഗോളടിക്കുന്നവര്‍ക്കൊപ്പമാണ് ജയം എന്നത് ഫുട്‌ബോളില്‍ ചിലപ്പോഴെങ്കിലും ഒരു ക്രൂരതയാണെന്ന് ജപ്പാന്‍കാര്‍ക്ക് തോന്നിയേക്കാം.
കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തില്‍ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ ആവേശത്തോടെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കോസ്റ്റാറീക്കന്‍ പ്രതിരോധം ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു.
തുടക്കം മുതല്‍ നിരവധി അവസരങ്ങളാണ് ജാപ്പനീസ് താരങ്ങള്‍ നടത്തിയത്. കൈലര്‍ നവാസും സംഘവും പ്രതിരോധം മന്ത്രമാക്കിയാണ് കളത്തിലിറങ്ങിയത്. അതില്‍ അവര്‍ 100 ശതമാനം വിജയിക്കുകയും ചെയ്തു. മത്സരത്തില്‍ ഒരേ ഒരു ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് കോസ്റ്ററീക്ക തൊടുത്തത്. അത് ഗോളായി മാറുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ ഏഴ് ഗോളുകള്‍ വഴങ്ങിയതില്‍ നിന്ന് പാഠം പഠിച്ചാണ് കോസ്റ്ററീക്ക എത്തിയത്. ജപ്പാന്‍ നടത്തിയ നീക്കങ്ങളെ സംഘം ചേര്‍ന്ന് പ്രതിരോധിച്ചാണ് മത്സരം അവര്‍ പൂര്‍ത്തിയാക്കിയത്. മത്സരഫലത്തോടെ ഗ്രൂപ്പില്‍ നിന്ന് ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമെന്ന് അറിയാന്‍ അവസാന മത്സരവും കഴിയണം എന്ന അവസ്ഥയാണ്.
ഗ്രൂപ്പ് ഇയില്‍ സ്‌പെയ്ന്‍, കോസ്റ്ററീക്ക, ജപ്പാന്‍ എന്നിവര്‍ക്ക് ഓരോ ജയം വീതമുണ്ട്. പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌പെയ്ന്‍ ജര്‍മനിയെ നേരിടും.