ന്യൂഡൽഹി: ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി ജപ്പാൻ. അഞ്ച് വർഷത്തിനുള്ളിൽ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം നരേന്ദ്ര മോദി അറിയിച്ചത്.
ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിലെ കൂടിക്കാഴ്ച നടന്നത്. 2014 ൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ നിക്ഷേപ പങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ഇപ്പോഴും കൊവിഡ് പ്രതിസന്ധിയോടുള്ള പോരാട്ടത്തിലാണെന്നും സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന് ഇപ്പോഴും തടസങ്ങളുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ജപ്പാനുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നത് പുരോഗതിയിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കുമുള്ള പാതയാണ് തുറക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ആറ് കരാറുകളിൽ ഒപ്പിട്ടു. ക്ലീൻ എനർജി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും പ്രധാനമന്ത്രി തല ചർച്ചയിൽ ഉയർന്നുവന്നു. ലോക ക്രമത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണ് റഷ്യയുടെ യുക്രൈനെതിരായ അധിനിവേശമെന്ന് ഫുമിയോ കിഷിദ പറഞ്ഞു. ഇദ്ദഹത്തിനൊപ്പം ജപ്പാനിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരും ഉൾപ്പെട്ട സംഘവും ദില്ലിയിലെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഫുമിയോ കിഷിദ ഇന്ത്യയിലെത്തിയത്.