ചങ്ങനാശ്ശേരി: കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ 12082) കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരിയിൽ നിന്നുള്ള ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് 2025 ഒക്ടോബർ 09 ന് വൈകുന്നേരം 04:15 ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.
ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03ന് എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും. തുടർന്ന് കേന്ദ്ര സഹമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ജോസ് കെ മാണി എംപി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരൻ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്‌സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി.


