ശ്രീനഗര്‍:ജമ്മു കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി സംസ്ഥാനത്തെ പ്രധാന നേതാക്കളെ കൂട്ടത്തോടെ വീട്ടു തടങ്കലിലാക്കി. മുന്‍ മുഖ്യമന്ത്രിമാരായ പിഡിപി നേതാവ് മെഹബൂബ മുഫ്തിയെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെയുമാണ് വീട്ടുതടങ്കലിലാക്കിയത്. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും വീട്ടു തടങ്കലിലാണ്.
ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നടത്തിയ ഉന്നത തല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അര്‍ധരാത്രി നാടകീയ നീക്കങ്ങള്‍. ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലുകളില്‍ കേന്ദ്രസര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
സംസ്ഥാനത്ത് അര്‍ധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.
പലയിടത്തും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. ചിലയിടത്ത് ബ്രോഡ് ബാന്റ് സേവനവും തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 15 വരെ ഈ സേവനങ്ങളെല്ലാം തടഞ്ഞു വയ്ക്കുമെന്നാണ് വിവരം.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീര്‍ സര്‍വകലാശാല ഓഗസ്റ്റ് 5 മുതല്‍ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.
അമര്‍നാഥ് യാത്രയോടനുബന്ധിച്ച് ആദ്യം പതിനയ്യായിരം സൈനികരെയാണ് കശ്മീര്‍ താഴ്‌വരയില്‍ ആദ്യം വിന്യസിച്ചത്. പിന്നീട് ഇരുപതിനായിരം അര്‍ധസൈനികരെക്കൂടി സംസ്ഥാനത്തേക്ക് അയച്ചു. വലിയ സൈനികവിന്യാസം തുടങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി. ഏതാണ്ട് മുപ്പത്തയ്യായിരം സൈനികരെ സംസ്ഥാനത്തേയ്ക്ക് അധികമായി വിന്യസിച്ചെന്നാണ് വിവരം.
അമര്‍നാഥ് യാത്ര വെട്ടിക്കുറയ്ക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം നല്‍കുകയും യാത്രയ്ക്ക് നേരെ പാക് ഭീകരര്‍ ആക്രമണം നടത്താ പദ്ധതിയിട്ടിരുന്നെന്നും യാത്രാപാതയില്‍ നിന്ന് അമേരിക്കന്‍ സ്‌നൈപ്പര്‍ ഗണ്‍ അടക്കം ആയുധങ്ങള്‍ കണ്ടെടുത്തെന്നും സേനയിലെ ഉന്നതര്‍ തന്നെ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു. ഇതിന് പിന്നാലെ, വിനോദസഞ്ചാരികളോട് അടക്കം മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ, ആളുകള്‍ എടിഎമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നിന്നു. അവശ്യസാധനങ്ങള്‍ വാരിക്കൂട്ടി. എടിഎമ്മുകള്‍ കാലിയായി, സ്റ്റേഷനറിക്കടകളും. പെട്രോളും ഡീസലും കിട്ടാനില്ലാത്ത അവസ്ഥയായി. സംസ്ഥാനത്ത് നിന്ന് മടങ്ങിപ്പോകാന്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടിയതോടെ, വിമാനനിരക്ക് കുത്തനെ ഉയര്‍ന്നു. ടിക്കറ്റുകള്‍ കിട്ടാനില്ലാത്ത നില വന്നു. ഒടുവില്‍ എയര്‍ ഇന്ത്യ 10,000 രൂപ പരിധി പ്രഖ്യാപിച്ച് അധികവിമാനങ്ങള്‍ നിയോഗിച്ചു.
നിലവില്‍ കര്‍ശന സുരക്ഷയിലാണ് ജമ്മു കശ്മീര്‍. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡുകള്‍ വച്ചിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്ന ഇടങ്ങളിലെല്ലാം ശക്തമായ പരിശോധനയുണ്ട്. കലാപമുണ്ടായാല്‍ തടയാനുള്ള പൊലീസ് സന്നാഹം ഇപ്പോഴേ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇനിയെന്ത് സംഭവിക്കുമെന്നറിയാതെ ആശങ്കയിലും പരിഭ്രാന്തിയിലുമാണ് സാധാരണക്കാര്‍.