30.6 C
Kottayam
Saturday, April 27, 2024

ഹർത്താൽ പ്രഖ്യാപിച്ചവർക്ക് അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്,പോപ്പുലർ ഫ്രണ്ടിനെ വിമർശിച്ച് ജമാഅത്തെ ഇസ്‌ലാമി

Must read

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത് അപലപനീയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി. സർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. വിശേഷിച്ചും സംഘപരിവാർ നേതൃത്വത്തിൽ രാജ്യത്തുടനീളം ദളിത് – മുസ്‌ലിം – പിന്നാക്ക വിഭാഗങ്ങൾക്കെതിരെ വ്യാപകമായ തോതിൽ വിവേചനപരമായ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണ്.

പക്ഷേ അവ പൊതുമുതൽ നശിപ്പിച്ചും ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തടസ്സപ്പെടുത്തിയുമാകരുതെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക പാഠമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ്താവനയിൽ പറഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ചവർക്ക് തന്നെ തങ്ങളുടെ അണികളെ നിയന്ത്രിക്കാനുള്ള ബാധ്യതയുണ്ട്. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആർക്കുമില്ലെന്നും അബ്ദുൽ അസീസ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത്  പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പല ജില്ലകളിലും ഇന്നലെ അക്രമസംഭവങ്ങളുണ്ടായി. ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. നീതിന്യായഭരണസംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെഎസ്ആര്‍ടിസി ബസുകൾ ആക്രമിക്കുന്നതെന്നും ഹര്‍ത്താൽ അക്രമങ്ങളിൽ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം പിഎഫ്ഐയിൽ നിന്നും ഈടാക്കുമോ എന്നും കോടതി ചോദിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week