ജയ്പൂർ: രാജസ്ഥാനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ബുധനാഴ്ച രാജസ്ഥാനിലെ ജലോർ ജില്ലയിൽ ദമ്പതികൾ അഞ്ച് കുട്ടികളുമായി കനാലിൽ ചാടി മരിച്ചതായി പൊലീസ് പറഞ്ഞു.
ഏഴുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും പൊലീസ് സൂപ്രണ്ട് കിരൺ കാങ് പറഞ്ഞു.
ശങ്കർലാൽ (32), ഇയാളുടെ ഭാര്യ ബദ്‌ലി (30), ഇവരുടെ മക്കളായ റമീല (12), കെസി (10), ജാൻവി (8), മക്കളായ പ്രകാശ് (6), ഹിതേഷ് (3) എന്നിവരാണ് മരിച്ചത്. ഇവർ ഗലീഫ ഗ്രാമത്തിലെ താമസക്കാരാണെന്ന് സഞ്ചോർ പൊലീലീസ് സ്റ്റേഷൻ എസ്എച്ച്ഒ നിരഞ്ജൻ പ്രതാപ് സിംഗ് പറഞ്ഞു.
ദമ്പതികളും കുട്ടികളും കാലുകൾ കൂട്ടിക്കെട്ടി കനാലിലേക്ക് ചാടിയതാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകനായ ശങ്കർലാൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് കടുംകൈ ചെയ്തതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് എല്ലാവരും കനാലിലേക്ക് എടുത്തുചാടിയതെന്ന് സർക്കിൾ ഓഫീസർ രൂപ് സിംഗ് പറഞ്ഞു. വസ്ത്രങ്ങളും മൊബൈൽ ഫോണും ഇവർ കരയിൽ ഉപേക്ഷിച്ചു.
സംസ്ഥാന ദുരന്തനിവാരണ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തിൽ ബന്ധുക്കൾ ഇടപ്പെട്ടിരുന്നതായും ഗ്രാമീണർ പറഞ്ഞു.
ബുധനാഴ്ചയാണ് കുടുംബത്തെ കാണാതായതായത്. അതേസമയം, കുടുംബത്തെ മറ്റാരോ പീഡിപ്പിക്കുന്നതായും മറ്റു ചിലർ ആരോപിച്ചു. പഞ്ചായത്ത് യോഗത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ ഗ്രാമവാസികളോട് അഭ്യർത്ഥിച്ചിരുന്നു.