ചേര്‍ത്തല : വീട്ടുവളപ്പില്‍നിന്ന് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ വീട്ടില്‍ സെബാസ്റ്റ്യനെ(68)തിരേ കൊലക്കുറ്റത്തിനു കേസെടുത്തു. കൊല്ലപ്പെട്ടത് ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെന്ന സൂചനയില്‍ ഭാരതീയ ന്യായസംഹിത 103-ാം(ഐപിസി 302)വകുപ്പു പ്രകാരമാണ് കേസ്. ഇയാളെ ചൊവ്വാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി.
സെബാസ്റ്റ്യനെ ചോദ്യംചെയ്തതില്‍നിന്നാണ് കാണാതായ ജൈനമ്മ കൊല്ലപ്പെട്ടെന്ന സൂചന കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രി കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും ഡിഎന്‍എ പരിശോധന വേഗത്തിലാക്കാനും അന്വേഷണസംഘം ശ്രമംതുടങ്ങി. ജൈനമ്മയുടെ സഹോദരങ്ങളായ സാവിയോ മാണിയുടെയും ആന്‍സിയുടെയും രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശരീരാവശിഷ്ടത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്നു.
സംഭവവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനൊപ്പം കസ്റ്റഡിയിലെടുത്ത ചേര്‍ത്തല സ്വദേശികളായ രണ്ടുപേരിലൊരാളെ ജാമ്യത്തില്‍വിട്ടു. വസ്തു ഇടനിലക്കാരന്‍ കൂടിയായ ഇയാളുടെ കണിച്ചുകുളങ്ങര കവലയ്ക്കു സമീപമുള്ള വീട്ടില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തി. സെബാസ്റ്റ്യന്റെ സഹായിയായിരുന്ന ചേര്‍ത്തല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മനോജ് കസ്റ്റഡിയിലുണ്ട്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ ചെങ്ങുംതറ വീട്ടില്‍നിന്നാണ് തിങ്കളാഴ്ച ശരീരാവശിഷ്ടം കണ്ടെത്തിയത്. ഇതിനു മൂന്നുദിവസം മുന്‍പാണ് ജൈനമ്മയെ കാണാനില്ലെന്ന കേസില്‍ കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്.
ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദുപത്മനാഭനെ (47) കാണാതായ കേസിലും സെബാസ്റ്റ്യന്‍ ഒന്നാം പ്രതിയാണ്. ഈ കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥി, ഡിവൈഎസ്പി സ്റ്റാലിന്‍ സേവ്യര്‍, ഇന്‍സ്‌പെക്ടര്‍ എം.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടം കണ്ടെത്തിയിട്ടും സെബാസ്റ്റ്യന് കൂസലില്ല. കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ പഴുതടച്ച നീക്കത്തിലാണ് ഇയാള്‍ കുടുങ്ങിയത്. എന്നാല്‍, ചോദ്യംചെയ്യലുമായി സഹകരിക്കാതെ ഇയാള്‍ അന്വേഷണസംഘത്തെ വട്ടംകറക്കിയെന്നാണു വിവരം. തനിക്കു ഗുരുതര രോഗമാണെന്നു ധരിപ്പിച്ച് തുടര്‍ച്ചയായ ചോദ്യംചെയ്യലില്‍നിന്ന് ഇയാള്‍ ഒഴിഞ്ഞുമാറിയെന്നാണ് വിവരം.
ബിന്ദുപത്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നു കാട്ടി 2017-ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഉത്തരവാദിയെന്നു കാട്ടിയായിരുന്നു പരാതി. കോടികളുടെ സ്വത്തിനുടമയായിരുന്ന ബിന്ദുപത്മനാഭന്‍ സഹോദരനുമായി സഹകരണമില്ലാതെയാണ് ജീവിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു. ഇരുവരും 2002-ല്‍ സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായാണ് മരിച്ചത്. മരണാനന്തരച്ചടങ്ങിലും പങ്കെടുക്കാതിരുന്ന ബിന്ദു അതിനുശേഷം പൂര്‍ണമായി സഹോദരനില്‍നിന്ന് അകന്നു. പ്രവീണ്‍ ചേര്‍ത്തലയില്‍നിന്ന് ഇടുക്കിയിലേക്കും പിന്നീട് വിദേശത്തേക്കും ജോലിക്കായി പോയിരുന്നു. മടങ്ങിയെത്തിയപ്പോഴാണ് പരാതിനല്‍കിയത്. പോലീസ് അന്വേഷണത്തില്‍ 2013 വരെ ബിന്ദു ജീവിച്ചിരുന്നതായി തെളിവു കിട്ടിയിട്ടുണ്ട്.
ചേര്‍ത്തല : സെബാസ്റ്റ്യന്‍ പള്ളിപ്പുറത്തുകാര്‍ക്ക് ഒരുകാലത്ത് അമ്മാവനായിരുന്നു. വസ്തു ഇടപാടുകളിലൂടെ സമ്പന്നനായ സെബാസ്റ്റ്യന്‍ നാട്ടുകാരുമായി വലിയ സഹകരണത്തിലും സഹായിയുമായിരുന്നു. 2017-ല്‍ ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ പിടിയിലാകുകയും കുടുങ്ങുകയും ചെയ്തതോടെയാണ് ഇയാള്‍ നാടിന്റെ സംശയനിഴലിലായി അകന്നത്.
ഇതോടെ വസ്തു ഇടപാടുകളില്‍ ഇയാള്‍ കബളിപ്പിച്ചതായി പലരും രേഖാമൂലമല്ലാത്ത പരാതികളും ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഒറ്റപ്പെട്ട പ്രദേശത്തുള്ള രണ്ടരയേക്കറില്‍ സ്ഥിതിചെയ്യുന്ന വീടും അതോടെ ദുരൂഹതയുടെ നിഴലിലായി. കേസിലുള്‍പ്പെട്ട് നിരന്തരം പോലീസ് വീട്ടിലെത്തിയതോടെ ഇയാളും കുടുംബവും താമസം ഭാര്യവീടായ ഏറ്റുമാനൂരിലേക്കു മാറ്റിയിരുന്നു. എന്നാല്‍, ഇപ്പോഴും പകല്‍സമയങ്ങളില്‍ സ്ത്രീകളടക്കം പലരുമായും ഇയാള്‍ പൊങ്ങംതറ വീട്ടിലെത്താറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.രാത്രികാലങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. തിങ്കളാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലായിരുന്നു കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ ബിന്ദു പത്മനാഭന്റെ അവശിഷ്ടങ്ങളാണെന്നായിരുന്നു നാട്ടുകാര്‍ ആദ്യം ധരിച്ചത്. പിന്നീടാണ് ജൈനമ്മയെന്ന സ്ത്രീയെ കാണാതായ സംഭവത്തിലായിരുന്നു പരിശോധനയെന്നറിഞ്ഞത്.
കാണാതാകുകയും കൊല്ലപ്പെട്ടതായി കണക്കാക്കുകയും ചെയ്യുന്ന ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയ്ക്ക് സെബാസ്റ്റ്യനുമായി നേരത്തേ ബന്ധമുണ്ടായിരുന്നതായും സൂചന. ഇത്തരത്തിലുള്ള വിവരങ്ങളിലും അന്വേഷണസംഘം തെളിവുകള്‍ തേടുന്നുണ്ട്. 2017-ല്‍ ബിന്ദു പത്മനാഭന്‍ തിരോധാനക്കേസില്‍ സെബാസ്റ്റ്യനെ പോലീസ് അറസ്റ്റുചെയ്ത ഘട്ടത്തില്‍ ജാമ്യത്തിനായി രംഗത്തിറങ്ങിയ സ്ത്രീ ജൈനമ്മയാണെന്ന സംശയമാണുയര്‍ന്നിരിക്കുന്നത്.
ഇതിലൊന്നും വ്യക്തത വന്നിട്ടില്ലെങ്കിലും അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെയും അടിസ്ഥാനത്തിലാണ് കാണാതായ ജൈനമ്മയെക്കുറിച്ചുള്ള അന്വേഷണം സെബാസ്റ്റ്യനിലേക്കെത്തുന്നത്. ഇവരുടെ ടവര്‍ ലൊക്കേഷന്‍ പള്ളിപ്പുറത്താണെന്നു കണ്ടെത്തുകയും രണ്ടുപേരും ഒരേ ടവറിന്റെ പരിധിയില്‍ വന്നതോടെയുമാണ് അന്വേഷണത്തിനു ചൂടേറിയത്. ഇതെല്ലാം കൃത്യമായി കണക്കാക്കിയാണ് സെബാസ്റ്റ്യനെ പോലീസ് പിടികൂടിയത്.
കോടികളുടെ സ്വത്തിനുടമയായിരുന്ന കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത് മാതാപിതാക്കളുടെ മരണത്തിനുശേഷമായിരുന്നു. സഹോദരന്‍ പ്രവീണുമായി പൂര്‍ണമായി അകന്ന ബിന്ദു പത്മനാഭന് പിന്നീട്, ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് സെബാസ്റ്റ്യനുമായായിരുന്നു.
ഇടപ്പള്ളിയില്‍ ബിന്ദുവിന്റെ പേരിലുള്ള സ്ഥലം സെബാസ്റ്റ്യന്‍ ഇടപെട്ട് ആള്‍മാറാട്ടം നടത്തി വ്യാജ ആധാരമുണ്ടാക്കി വില്‍പ്പന നടത്തിയതു പുറത്തുവന്നതോടെയാണ് ഇയാള്‍ കുടുങ്ങിയത്. ഇതിനുപിന്നാലെയാണ് വിദേശത്തായിരുന്ന സഹോദരന്‍ പ്രവീണ്‍ ബിന്ദുവിനെ കാണാതായതായി പരാതി നല്‍കിയത്. ചേര്‍ത്തല ഡിവൈഎസ്പിയുടെയും ആലപ്പുഴ നര്‍ക്കോട്ടിക് ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ രണ്ട് അന്വേഷണസംഘത്തെ രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തില്‍, കേസുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ ഒന്നാം പ്രതിയായി. വ്യാജരേഖകളും സഹായങ്ങളും ചെയ്തവരടക്കം 13 പേരെ പ്രതിയാക്കി പോലീസ് കേസെടുത്ത് അറസ്റ്റുചെയ്തിരുന്നു. പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ 2013 വരെ ബിന്ദു ജീവിച്ചിരുന്നതായും അതുവരെ സെബാസ്റ്റ്യനുമായി വലിയ ബന്ധത്തിലായിരുന്നെന്നും കണ്ടെത്തിയിരുന്നു.


