ചെന്നൈ:രജനികാന്ത് നായകനായ ജയിലർ ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്. നെൽസൻ സംവിധാനം ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ 375.40 കോടി രൂപ നേടിയെന്ന് സൺ പിക്ചേഴ്സ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു നിർമാതാക്കളുടെ പ്രതികരണം.
ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്‌ഷൻ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷനാണിതെന്നും സൺ പിക്ചേഴ്സ് അവകാശപ്പെടുന്നു. തമിഴ്നാട്ടിൽ നിന്ന് മാത്രം നൂറുകോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാനയിൽ നിന്നുമായി 50 കോടിയിലധികം നേടിക്കഴിഞ്ഞു.
നെൽസൻ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന രജനി ചിത്രമാണ് ജയിലർ. എങ്ങും മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കുന്നത്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.
വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലർ’. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.