ഒന്നരവര്‍ഷം അടച്ചിട്ട് മുറിയ്ക്കുള്ളില്‍,സിനിമയും ജീവിതവും ഉപേക്ഷിച്ച കാലം,തോപ്പില്‍ ജോപ്പന്റെ സെറ്റില്‍ നിന്നും ഒളിച്ചോട്ടം,തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി

കൊച്ചി:പ്രശസ്തനടൻ കലാഭവൻ മണിയുടെ മരണത്തെത്തുടർന്ന് ധാരാളം ആരോപണങ്ങളാണ് നടൻ ജാഫർ ഇടുക്കിക്കെതിരെ ഉയർന്നു വന്നത്. ആ കാലത്ത് താൻ വലിയ മാനസിക പീഡനങ്ങൾ നേരിട്ടുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജാഫർ.

സ്നേഹിതൻ മണിയ്ക്ക് താൻ ചാരായത്തിൽ വിഷം കലർത്തി കൊടുത്തു, മദ്യപാനിയാക്കി എന്നിങ്ങനെ ആരോപണങ്ങൾ ഉയർന്നു വന്നപ്പോൾ ഒന്നരവർഷത്തോളം മുറിക്കുള്ളിൽ അടച്ചിരുന്നുവെന്നും സിനിമ മാത്രമല്ല ജീവിതം തന്നെ ഉപേക്ഷിച്ച സ്ഥിതിയിലായിരുന്നു വെന്നും ഇടുക്കി ജാഫർ.

ഇത്തരം ആരോപണങ്ങളിൽ കുടുംബക്കാർക്കും കടുത്ത വിഷമം ഉണ്ടായി. എന്റെ തറവാട്ടിലെ അംഗങ്ങൾ പള്ളിയിലെ മുസലിയാർമാരാണ്. നന്നായി ജീവിക്കണമെന്നാണ് തറവാട്ടിലെ മുതിർന്നവർ പള്ളിയിൽ പ്രസംഗിക്കുന്നത്. എന്നാൽ കുടുംബത്തിൽ ഉള്ളവരെ നന്നാക്കിയിട്ടു പോരെ നാട്ടുകാരെ നന്നാക്കുന്നതെന്നായിരുന്നു അവർ കേട്ട ആക്ഷേപങ്ങൾ. അങ്ങനെ വീടിന്റെ പുറത്തിറങ്ങാതെ ഞാൻ തീർത്തും ഒറ്റപ്പെട്ടവനായി മാറി. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി. ലോക്ക് ഡൗൺ കാലത്തെ വീട്ടിലിരുപ്പു എന്നെ ബോറടിപ്പിച്ചില്ല. ആ ജീവിതവുമായി ഞാൻ നേരത്തെ പൊരുത്തപ്പെട്ടിരുന്നുവെന്ന് പറയാം.

പണ്ട് എന്നെ സിനിമയിൽ എത്തിച്ചതും മണിബായിയാണ് . മിമിക്രിയും പല മെഗാഷോകളും നമ്മൾ ഒരുമിച്ചു ചെയ്തിരുന്നു. മണിയെ അവസാനമായി കണ്ടത് ഞാനാണ്. അടുത്ത ദിവസം ഒരു സിനിമ ചെയ്യാനുള്ളതിനാൽ വേഗം മണിയോട് പോകാൻ ഞാൻ പറഞ്ഞു. പതിവിലും സന്തോഷവാനായിരുന്നു അന്ന് മണി. അടുത്ത ദിവസം മണിയുടെ മരണ വാർത്ത കേട്ടപ്പോൾ ഒന്ന് പൊട്ടി കരയുവാൻ പോലും എനിക്ക് സാധിച്ചില്ല. ഒരു വശത്ത് കേസന്വേഷണം മറു വശത്ത് ആത്മ മിത്രം നഷ്ടപ്പെട്ടതിന്റെ വേദനയായിരുന്നു എനിയ്ക്ക്.

സ്നേഹിതൻ മണിയുടെ മരണ ശേഷം തോപ്പിൽ ജോപ്പൻ എന്ന സിനിമയായിരുന്നു ഞാൻ അഭിനയിച്ചത്. എന്നാൽ മറക്കുവാൻ ശ്രമിച്ച പല കാര്യങ്ങളും വീണ്ടും ഓർമയിലേക്ക് തികട്ടി വരാൻ തുടങ്ങി. സെറ്റിലുള്ള പലരും മണിയുടെ മരണത്തെ കുറിച്ച് ചോദിക്കുവാൻ ആരംഭിച്ചു. അങ്ങനെ ആ സെറ്റിൽ നിന്നും ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ജാഫർ പറയുന്നു.