KeralaNews

വൈറസ് സംക്രമണം പൂര്‍ണമായി ഇല്ലാതാവണമെങ്കില്‍ അറുപതു ദിവസം എല്ലാവരും വീടിനു വെളിയില്‍ ഇറങ്ങാതെ ഇരിക്കണം; അതിന് ശേഷവും വൈറസ് പടരാനുള്ള സാധ്യയുണ്ട്; കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്. തോല്‍ക്കുന്ന കുട്ടികളെ തല്ലിപ്പഠിപ്പിക്കാന്‍ നോക്കുന്നതു പോലെ നിരര്‍ഥകമാണ് വീണ്ടും വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് ജേക്കബ് പുന്നൂസ് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വൈറസിന്റെ സംക്രമണം പൂര്‍ണമായി ഇല്ലാതാവണമെങ്കില്‍ അറുപതു ദിവസമെങ്കിലും എല്ലാവരും വീടിനു വെളിയില്‍ ഇറങ്ങാതെ ഇരിക്കണം. അതിനു ശേഷവും മറ്റിടങ്ങളില്‍നിന്നു വൈറസ് പടരാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്

LOCKDOWN വീണ്ടും?
പണ്ട്, എന്റെ ചെറുപ്പത്തില്‍, ALL PASS എന്ന സമ്പ്രദായത്തിന് മുന്‍പ്, പല ക്ലാസ്സിലും നാലും അഞ്ചും പ്രാവശ്യം തോല്‍ക്കുന്ന കുട്ടികളുണ്ടായിരുന്നു. ഓരോ പരീക്ഷയില്‍ തോല്കുമ്പോഴും അവരെ നന്നാക്കാന്‍ അധ്യാപകര്‍ ആശ്രയിച്ചത് ചൂരല്‍ചികിത്സയെയായിരുന്നു. പക്ഷേ ചൂരല്‍ ഒരു ബുദ്ധി വികസനഉപാധി അല്ല . അതുകൊണ്ടു എത്ര അടി കൊണ്ടാലും കുട്ടി പിന്നെയും തോല്‍ക്കും. തോല്‍ക്കുന്തോറും അടി വീണ്ടും കൂടും . അടി കൂടുമ്പോള്‍ വീണ്ടും തോല്‍ക്കും. അവസാനം അഞ്ചാം ക്ലാസ്സില്‍ വച്ചു കുട്ടി സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കും.

ഏതാണ്ട് ആ ചൂരലിന്റെ സ്ഥാനമാണ് ഇന്നു ലോക്ക് ഡൗണിനും ഉള്ളത്. അതു വൈറസിനെ ഇല്ലാതാക്കുന്നില്ല. മാസ്‌ക് – സോപ്പ് – അകല – വിദ്യകള്‍ ജനം പരിശീലിക്കാത്തതു കൊണ്ടു വൈറസ് പടരുന്നു. അതിനു മരുന്നായി ജനത്തിന് അടച്ചുപൂട്ടല്‍ചികിത്സ . അതു കഴിഞ്ഞാല്‍ വീണ്ടും വൈറസ് പടരും. അപ്പോള്‍ വീണ്ടും അടച്ചു പൂട്ടല്‍. അങ്ങനെ മാറി മാറി പൂട്ടലും പടരലും സഹിച്ചു സഹിച്ചു ജനം കോവിഡും പട്ടിണിയും ഒരുപോലെ അനുഭവിച്ചു സഹികെട്ടു നിസ്സംഗരും നിരാലംബരും ആകും.

അദൃശ്യമായ വൈറസിനെ പൂട്ടിയിടാന്‍ പറ്റില്ല. അതുകൊണ്ടു അതിന്റെ വാഹകരെന്നു സംശയിക്കുന്നവരെ പൂട്ടുക എന്നതാണ് lockdown യുക്തി.

നാട്ടില്‍ രോഗമില്ലാതിരുന്ന നാളുകളില്‍, വൈറസ് പരദേശിയായിരുന്നു. അപ്പോള്‍ മറുനാട്ടില്‍ നിന്ന് വരുന്ന രോഗസാധ്യത ഉള്ളവരെ വേര്‍തിരിച്ചു സൂക്ഷിച്ചാല്‍ പടരല്‍ തടയാന്‍ കഴിയും. നമുക്കതു ഒരിക്കല്‍ നല്ലതുപോലെ സാധിച്ചു. അത്തരം പരദേശ സംസര്‍ഗ സാധ്യതയില്‍ നിന്ന് നാട്ടുകാര്‍ക്ക് ഒഴിവാകാന്‍ അല്‍പകാല lockdown സഹായകം.

പക്ഷേ വൈറസ് മുഖ്യമായും സ്വദേശിയായി ഇന്നു മാറി. മറുനാടന്‍ യാത്ര ചെയ്യാത്തവരിലും അറിഞ്ഞോ അറിയാതെയോ വൈറസ്സുണ്ട്. ആരില്‍നിന്നും എപ്പോഴും രോഗം പടരാം. അതുകൊണ്ടു എല്ലാവരും വായും മൂക്കും പൊത്തി അകലവും ശുചിത്വവും പാലിച്ചാലേ, വ്യാപനം നിയന്ത്രിക്കാന്‍ പറ്റൂ.

എല്ലാവരെയും പൂട്ടിയിട്ടാലും പതിനായിരക്കണക്കിന് വ്യക്തികള്‍ക്കു വൈറസ് ബാധ അവരറിയാതെ ഇപ്പോള്‍ തന്നെ ഉള്ളതുകൊണ്ട് അടച്ചുപൂട്ടിയാലും അവര്‍ക്കു രോഗം വരും. അവര്‍ അപ്പോള്‍ അടുപ്പക്കാര്‍ക്കു രോഗം നല്‍കും. അത്തരം സംക്രമണം പൂര്‍ണമായി ഇല്ലാതാകണം എങ്കില്‍ എല്ലാവരും തുടര്‍ച്ചയായി 60 ദിവസം വീട്ടിനു വെളിയില്‍ ഇറങ്ങാതിരിക്കണം.ആ രീതിയിലുള്ള പൂര്‍ണ lockdown പ്രായോഗികമായി സാധ്യമല്ല. കാരണം അങ്ങനെ വന്നാല്‍ പട്ടിണിയും മറ്റു രോഗങ്ങളും മാനസികപ്രശ്‌നങ്ങളും മറ്റു രീതിയില്‍ കടുത്ത ജീവനഷ്ടമുണ്ടാക്കും.

ഇതെല്ലാം സഹിച്ചു, ഈ അറുപതു ദിവസം കഴിഞ്ഞു വെളിയില്‍ വന്നാല്‍, വീണ്ടും അതിര്‍ത്തികളിലൂടെയും അന്തര്‍സംസ്ഥാന വിദേശ വ്യാപാരത്തിലൂടെയും
ചന്തകളിലൂടെയും പച്ചക്കറിയിലൂടെയും വൈറസ് വീണ്ടും വന്നു വ്യാപിക്കും. അപ്പോള്‍ പിന്നീട് , ഇതേ പോലെ, രണ്ടു മാസം കഴിഞ്ഞു വീണ്ടും ഒരു lockdown ആവശ്യം വരും

പ്രശ്‌നം ഗുരുതരം.
പക്ഷേ, വീണ്ടും വീണ്ടും ലോക്ക് ഡൌണ്‍ .. ഒന്നും പരിഹരിക്കില്ല.
Lockdownല്‍ തന്നെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടി എന്നും ഓര്‍ക്കുക.
ജാഗ്രതയോടെ അകലം പാലിക്കാം: സോപ്പിടാം: മാസ്‌കിടാം. കോവിടില്‍നിന്നു രക്ഷപെടാം!
വാക്‌സിനായി കാത്തിരിക്കാം!
ലോക്ക് ഡൌണ്‍ ഒഴിവാക്കാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker