ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി പിന്‍വലിക്കണം; ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം

മലപ്പുറം: ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിന്‍വലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

നാളെ രാവിലെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്ലീം ലീഗ് നേതാക്കള്‍ ഹരിതയുടെ നേതൃത്വത്തിന് നല്‍കിയ അന്ത്യശാസനം. എന്നാല്‍ പരാതി വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പൊലീസ് പരാതിക്കാരില്‍ നിന്ന് മൊഴിയെടുത്തു.

എംഎസ്എഫ് നേതൃത്വത്തില്‍ ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്ന് ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിന് മുന്‍പായി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്നും ലീഗ് നേതൃത്വം വനിതാ നേതക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല.

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിസി ഹരിദാസ് രേഖപ്പെടുത്തിയത്. പൊലീസിന് നല്‍കിയ മൊഴിയിലും തന്റെ പരാതിയില്‍ നജ്മ ഉറച്ച് നിന്നു.

ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. അതേസമയം, അച്ചടക്ക ലംഘനം കാട്ടി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ ഹരിത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ട് വച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News